കാസർകോട് : ഉപയോഗം കഴിഞ്ഞ പേനകൾ ശേഖരിച്ച് പുനരുപയോഗത്തിനായി ഹരിതകേരളം മിഷൻ ജില്ലയിൽ നടപ്പാക്കുന്ന പെൻഫ്രൻഡ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കളക്ടറേറ്റിൽ സ്ഥാപിച്ച ശേഖരണപ്പെട്ടികളിൽനിന്നും ഒരു ക്വിന്റൽ പേനകൾ കൈമാറി. കളക്ടറേറ്റിലെ വിവിധ ഓഫീസുകളിൽനിന്നും ആറുമാസം കൊണ്ട് ശേഖരിച്ച പേനകളാണ് നീക്കംചെയ്തത്. രണ്ടുവർഷമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് അംഗീകൃത പാഴ്‌വസ്തു വ്യാപാരികൾക്ക് കൈമാറുന്ന പ്രവർത്തനമാണ് പെൻഫ്രൻഡ്‌ പദ്ധതിയിലൂടെ ഹരിതകേരള മിഷൻ നടത്തിവരുന്നത്.

പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 300-ലധികം വിദ്യാലയങ്ങളിലും വിവിധ സർക്കാർ ഓഫീസുകളിലും പെൻഫ്രൻഡ്‌ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പേനകൾ വിദ്യാർഥികളും അധ്യാപകരും ഉദ്യോഗസ്ഥരും ഈ ബോക്സിൽ നിക്ഷേപിക്കുകയും നിശ്ചിത കാലയളവിൽ അംഗീകൃത പാഴ്‌വസ്തു വ്യാപാരികൾക്ക് കൈമാറുകയും ചെയ്യും. അരുത്, വലിച്ചെറിയരുത്, കത്തിക്കരുത് കാമ്പയിൻ എൻ.എസ്.എസ്., സ്കൗട്ട്, ഗൈഡ്സ്, എസ്‌.പി.സി. തുടങ്ങിയവയുടെ സഹായത്തോടെയാണ് വിദ്യാലയങ്ങളിൽ നടത്തി വരുന്നത്.

കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി ഐ.എസ്.എം.എ. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ചെമ്മനാടിന് പേനകൾ കൈമാറി. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ, എ.പി.അഭിരാജ്, സി.കെ.ശ്രീരാജ്, ആർ.കെ.ഊർമിള, ടി.കൃപേഷ്, ബി.അശ്വിൻ എന്നിവർ സംസാരിച്ചു.