പടന്ന : പ്ലസ്‌വൺ പ്രവേശനത്തിന് അധിക യോഗ്യതയായി നീന്തലിലുള്ള കഴിവ് തെളിയിക്കുന്നതിന് നഗരസഭ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ നൽകുന്ന സാക്ഷ്യപത്രവും മതിയെന്ന് സംസ്ഥാന സ്പോർട്‌സ് കൗൺസിൽ നിർദേശം.
അംഗീകൃത നീന്തൽ ക്യാമ്പുകളിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ്, വിവിധ പദ്ധതികൾ മുഖാന്തരം പരിശീലനം നേടിയവർക്ക് പരിശീലകർ നൽകുന്ന സാക്ഷ്യപത്രം തുടങ്ങിയവയും ഉപയോഗിക്കാം. സാക്ഷ്യപത്രങ്ങളെല്ലാം ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മേലൊപ്പോടുകൂടി പരിഗണിക്കാമെന്നാണ് നിർദേശത്തിൽ പറയുന്നത്. ഇത്തരത്തിൽ നൽകുന്ന സാക്ഷ്യപത്രങ്ങളുടെ പൂർണ ഉത്തരവാദിത്വം അവ നൽകുന്നവർക്കായിരിക്കുമെന്നും നിർദേശത്തിലുണ്ട്.
നീന്തൽ അറിയുന്നവർക്ക് രണ്ടുമാർക്കാണ് അധികമായി നൽകുന്നത്. വർഷങ്ങളായി ജില്ലാ സ്പോർട്സ് കൗൺസിൽ ക്യാമ്പുകൾ സംഘടിപ്പിച്ചായിരുന്നു സാക്ഷ്യപത്രം നൽകിയിരുന്നത്. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ സാധിച്ചില്ല. ഇതു സംബന്ധിച്ച് 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. ഇനി കരട് അലോട്ട്‌മെന്റിനുശേഷം ആവശ്യമായ തിരുത്തലുകൾ വരുത്താൻ അപേക്ഷകർക്ക് സാധിക്കും. അതിൽ സാക്ഷ്യപത്രത്തിന്റെ വിവരങ്ങൾ നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.