കാസർകോട് : ഹോട്ടലുകൾക്ക് മാത്രം കോവിഡ് നിയന്ത്രണം കർശനമാക്കാനുളള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഹോട്ടലുകൾ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽനിന്ന് ഇതുവരെ രോഗവ്യാപനം ഉണ്ടായിട്ടില്ല. മാളുകളിലും മറ്റു കടകളിലും മത്സ്യമാർക്കറ്റിലും നിലവിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല.

തിരഞ്ഞെടുപ്പിന്റെ പേരിൽ നിയന്ത്രണങ്ങൾ പാടെ മറന്നതാണ് ജില്ലയിലും വ്യാപനംകൂടാൻ കാരണമായത്. ഇതിന്റെ ഉത്തരവാദിത്വം കളക്ടർക്കും സർക്കാരിനുമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി നാരായണ പൂജാരി, ട്രഷറർ രാജൻ കളക്കര, ഐഡിയൽ മുഹമ്മദ്, ശ്രീനിവാസ ഭട്ട്, അജേഷ് എന്നിവർ സംസാരിച്ചു.