സി.വി. നിതിൻ

ബിരിക്കുളം

:ഒരുനാടിനോടുള്ള അവഗണനയ്ക്ക് ഉദാഹരണമാണ് കിനാനൂർ-കരിന്തളം പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പരപ്പ-കാലിച്ചാമരം റോഡ്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിനെ തിരിഞ്ഞുനോക്കാൻ പോലും അധികാരികൾ തയ്യാറാകുന്നില്ല.

പരപ്പയിൽനിന്ന് ആരംഭിക്കുന്ന റോഡിന്റെ പ്ലാത്തടംവരെയുള്ള അഞ്ചുകിലോമീറ്റർ നാലുവർഷത്തോളമെടുത്താണ് മെക്കാഡം ടാറിട്ടത്. ഫണ്ടില്ലാത്തതിന്റെ പേരുപറഞ്ഞ് ബാക്കി 8.8 കിലോമീറ്റർ പ്രവൃത്തി മുഴുമിപ്പിക്കാനായില്ല. ഇപ്പോൾ ഈ ഭാഗം അപകടക്കുഴികളാൽ നിറഞ്ഞിരിക്കുകയാണ്.

റോഡ് പൊട്ടിയഭാഗങ്ങളിൽ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ മാസങ്ങൾക്കുമുൻപ് ഒരുതവണ കുഴിയടച്ചെങ്കിലും ഒറ്റമഴയിൽത്തന്നെ ടാറ് ഒലിച്ചുപോയി. യു.ഡി.എഫ്. ഭരണകാലത്ത് ഒട്ടേറെ പ്രതിഷേധത്തിന്റെ ഭാഗമായാണ് അഞ്ചുകിലോമീറ്റർ ടാറിങ് പൂർത്തീകരിച്ചത്. ഡി.വൈ.എഫ്.ഐ. ബിരിക്കുളത്ത് ചൂണ്ടയിടൽ സമരമുൾപ്പെടെ അന്ന് സംഘടിപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഭരണം എൽ.ഡി.എഫ്. തിരിച്ചുപിടിച്ചിട്ട് മാസങ്ങളായിട്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യത്തിന് പരിഹാരംകാണാൻ നടപടിയുണ്ടായില്ല.

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന റോഡുകൂടിയാണിത്. ആയിരങ്ങളാണ് ഈ പ്രദേശങ്ങളിൽ ജീവിക്കുന്നത്. ബിരിക്കുളം, കോളംകുളം, പെരിയങ്ങാനം, കുമ്പളപ്പള്ളി, കാലിച്ചാമരം തുടങ്ങിയ സ്ഥലങ്ങളിലായി സ്കൂളുകളും ആരാധനാലയങ്ങളും ആരോഗ്യകേന്ദ്രങ്ങളുമുണ്ട്. കോയിത്തട്ട കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പോകാൻ പരപ്പമുതലുള്ള ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡുമാണിത്. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ മിക്ക റോഡുകളും മെക്കാഡം ടാറിട്ടപ്പോഴാണ് അപകടം പതിയിരിക്കുന്ന ഈ റോഡിനെ കണ്ടില്ലെന്ന് നടിക്കുന്നത്.

ഇവിടെയും ദുരിതയാത്ര

ബിരിക്കുളത്തുനിന്ന് നെല്ലിയടുക്കംവഴി കൊല്ലംപാറയിലേക്കുള്ള 9.3 കിലോമീറ്റർ റോഡിലും ഇതുതന്നെ സ്ഥിതി. നെല്ലിയടുക്കം, കിളിയളം, കാട്ടിപ്പൊയിൽ, പള്ളം, മേലാഞ്ചേരി തുടങ്ങിയ ചെറു ടൗണുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ ഇരു റോഡുകളിലുമായി പത്തിലധികം ബസ്‌സർവീസുകളുണ്ട്.

ഇരു റോഡുകളും ചേരുന്ന കൊല്ലംപാറ, പരപ്പ, കാലിച്ചാമരം ഭാഗത്തെ മറ്റ് റോഡുകൾ മെക്കാഡം ടാറിടൽ പൂർത്തിയായിക്കഴിഞ്ഞു. മാത്രമല്ല, കിളിയളം-ബാനം-കമ്മാടം റോഡിന് 20 കോടി രൂപയുടെ പ്രവൃത്തി നടക്കുന്നുണ്ട്.