രാജപുരം : കള്ളാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ കർഷക കൂട്ടായ്മകളുടെ സഹകരണത്തോടെ ‘പത്താമുദയം-2021’ എന്ന പേരിൽ വിത്തുത്സവം സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 15 മുതൽ 22 വരെ രാജപുരം പുഞ്ചക്കരയിലെ ചുള്ളി ഫാമിലാണ് വിത്തുത്സവം ഒരുക്കിയിരിക്കുന്നത്.

രാവിലെ 10 മുതൽ രാത്രി എട്ടുവരെ ഫാമിൽ പ്രത്യേകം തയ്യാറാക്കിയ അഞ്ചേക്കറിലാണ് പ്രദർശനം. 40-ൽപരം നെൽവിത്തുകൾ ഉൾപ്പെടെയുള്ള വിവിധയിനം വിത്തുകൾ, കാസർകോടൻ കുള്ളൻ പശു അടക്കമുള്ള വളർത്തുമൃഗങ്ങൾ, കാർഷികോപകരണങ്ങൾ, പൂച്ചെടികൾ, വളർത്തുമത്സ്യങ്ങൾ തുടങ്ങിയുടെ പ്രദർശനവും വിൽപ്പനയുമാണ് എട്ടുദിവസങ്ങളിലായി നടക്കുക.

കാച്ചിൽ, മധുരക്കിഴങ്ങ്, മഞ്ഞൾ, ചേമ്പ്, ഇഞ്ചി, കൂവ, ചേന തുടങ്ങിയ കാർഷികവിളകളുടെ ഇരുപതിലധികം തരത്തിലുള്ള വിത്തുകൾ പ്രദർശനനഗരിയിലുണ്ടാകും. കൂടാതെ പ്ലാവ്, മാവ്, കമുക് തൈകൾ, വാഴവിത്ത്, നാടൻ, ഹൈബ്രിഡ് പച്ചക്കറിവിത്തുകൾ തുടങ്ങിയവയും വിൽപ്പനയ്ക്കും പ്രദർശനത്തിനുമുണ്ടാകും.

നിലവിലുള്ള കർഷകർക്ക് മേൻമയേറിയ വിത്തുകളും തൈകളും ആധുനിക കാർഷികോപകരണങ്ങളും ലഭ്യമാക്കുന്നതിനൊപ്പം പുതിയ ആളുകളെ കൃഷിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിത്തുത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സന്തോഷ് ചാക്കോ, പി.സി.ബിനോയി എന്നിവർ പങ്കെടുത്തു.