കാസർകോട് : ഓൺലൈൻ പഠനത്തിന് മുഴുവൻ വിദ്യാർഥികൾക്കും സൗകര്യം ലഭ്യമാകാത്ത സാഹചര്യത്തിൽ പരീക്ഷ നടത്തുന്ന സ്കൂളുകളുടെ തീരുമാനത്തിൽ അധ്യാപകർക്ക് പ്രതിഷേധം. സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾ ഉണ്ടെന്നിരിക്കെ പരീക്ഷ നടത്തുന്നത് വിവേചനവും കുട്ടികൾക്ക് മാനസികസമ്മർദവും ഉണ്ടാക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർസ്കൂളുകളിലടക്കം പലയിടത്തും ഓൺലൈനായി പരീക്ഷ നടക്കുന്നുണ്ട്. വാട്സ്‌ആപ്പ് വഴി ചോദ്യങ്ങൾ നൽകിയും ഗൂഗിൾ ഷീറ്റ് ഉപയോഗിച്ചുമാണ് പരീക്ഷകൾ. ഇതുവരെ ഓൺലൈൻ ക്ലാസുകളിൽ തീർന്ന രണ്ട് പാഠഭാഗങ്ങളുടെ വിലയിരുത്തലായാണ് പരീക്ഷ നടത്തുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്ത വിദ്യാർഥികൾക്ക് സൗകര്യം ഏർപ്പെടുത്താൻ കഴിയാതിരിക്കെ ഓൺലൈനായി പരീക്ഷ നടത്തുന്നതിൽ വിവേചനമുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പല സ്കൂളിലും ടൈംടേബിൾ ഇട്ടാണ് പരീക്ഷ നടക്കുന്നത്. ഇത് വിദ്യാർഥികൾക്ക് ഇരട്ടിപ്പണിയും സമ്മർദവും ഉണ്ടാക്കുന്നു. "രാവിലെയും രാത്രിയും പരീക്ഷയും അതിനിടയിൽ ഓൺലൈൻ ക്ലാസും, ഇതാണ് വിദ്യാർഥികളുടെ അവസ്ഥ. എന്റെ ക്ലാസിൽ ആറുകുട്ടികൾക്ക് സ്വന്തം ഫോൺസൗകരമില്ല. ഇവർ എങ്ങനെ ക്ലാസിൽ പങ്കെടുക്കും." ഒരു അധ്യാപിക പറഞ്ഞു.
പരീക്ഷകൾ നടത്തേണ്ട
ഓൺലൈൻ ക്ലാസിന്റെ തുടർപ്രവർത്തനങ്ങളല്ലാതെ പരീക്ഷ നടത്തേണ്ട എന്നാണ് തീരുമാനം. ഇത് പ്രഥമാധ്യപകർക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ യോഗത്തിൽ ഇത് വ്യക്തമാക്കിയതാണ്. ഉദ്യോഗസ്ഥർ വഴിയും താഴെത്തട്ടിൽ ഈ നിർദേശം എത്തിച്ചിട്ടുണ്ട്. ഇത് ലംഘിച്ച പരാതികൾ ലഭിച്ചാൽ അതിനനുസരിച്ച് നടപടിയുണ്ടാകും.
കെ.വി. പുഷ്പ (ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ)ഡോൺ കെ.ഡൊമിനിക്
കാസർകോട്
: രാവിലെ ഓൺലൈൻ ക്ലാസുണ്ട്, തുടർന്ന് പരീക്ഷയും. ഫോണാണെങ്കിൽ ചാർജ് ബാക്കിയുള്ളത് 25 ശതമാനം. കറണ്ടുമില്ല. ഇൻവെർട്ടർ സൗകര്യമുണ്ടെങ്കിലും അതിന്റെ ബാറ്ററിയും കാലിയാണ്. ഉടൻതന്നെ ഫോൺ ലോ പവർ മോഡിലേക്ക് മാറ്റി. ഫോണിന്റെ സ്പീഡ് ഇത്തിരി കുറഞ്ഞാലും ചാർജ് ലാഭിക്കാലോ. പക്ഷേ, ക്ലാസിൽ പങ്കെടുത്തിട്ട് പരീക്ഷയെഴുതാൻ ഈ ചാർജ് മതിയാകില്ല. ഒടുവിൽ ക്ലാസ് ഒഴിവാക്കി ബാക്കിയുണ്ടായിരുന്ന ചാർജ് കൊണ്ട് പരീക്ഷയിൽ പങ്കെടുത്തു. ക്ലാസ് മുടങ്ങിയതിനാൽ അന്നേദിവസത്തെ ഹാജറും നഷ്ടപ്പെട്ടു.
വൈദ്യുതിമുടക്കം പതിവായതിനാൽ കാഞ്ഞങ്ങാട്ടെ ഒരു വിദ്യാർഥിക്ക് കഴിഞ്ഞദിവസം നേരിടേണ്ടിവന്ന പ്രശ്നങ്ങളാണിത്.
ഇത്തരത്തിൽ ജില്ലയിലെ നിരവധി വിദ്യാർഥികളുടെ പഠനമാണ് വൈദ്യുതിമുടക്കത്താൽ അവതാളത്തിലായത്. പലരുടെയും വീട്ടിൽ ഒരു ഫോൺ മാത്രമായിരിക്കുമുണ്ടാവുക. ഒന്നിൽക്കൂടുതൽ കുട്ടികളുള്ള വീടുകളിൽ എല്ലാവരുടെയും ക്ലാസിനാവശ്യമായ ചാർജ് തികഞ്ഞെന്നുവരില്ല. ജില്ലയിലെ മലയോരമേഖലയിലുള്ള വിദ്യാർഥികളാണ് ഇക്കാരണത്താൽ കൂടുതൽ ബുദ്ധിമുട്ടുന്നത്. മലയോരമേഖലയിൽ മരംവീണും മണ്ണിടിഞ്ഞുമൊക്കെ വൈദ്യുതിനിലയ്ക്കുന്നത് പതിവാണ്.
''ദീർഘനേരത്തേക്ക് വൈദ്യുതി മുടങ്ങുന്നതാണ് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാക്കുന്നത്. എല്ലാവരുടെയും വീട്ടിൽ ഇൻവെർട്ടറും പവർബാങ്കുമൊന്നുമില്ലല്ലോ.
പല കുട്ടികളുടെയും ക്ലാസ് പാതി വഴിയിലാകുന്നതിനാൽ പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലെന്ന പരാതിയുമുണ്ട്.
മാത്രമല്ല സ്കൂളുകളിൽനിന്ന് അധ്യാപകർ സംഘടിപ്പിക്കുന്ന ഓൺലൈൻ മീറ്റിങ്ങുകളിൽ പല കുട്ടികൾക്കും കൃത്യമായി പങ്കെടുക്കാനുമാകുന്നില്ല'' -കാസർകോട്ടെ ഒരു അധ്യാപിക പറയുന്നു.
വൈദ്യുതിമുടക്കം പതിവായതോടെ മലയോര മേഖലയിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം അവതാളത്തിൽവൈദ്യുതിമുടക്കം പലപ്പോഴും ക്ലാസുകൾ മുടങ്ങാൻ കാരണമാകുന്നുണ്ട്. ഫോണിൽ ചാർജുണ്ടെങ്കിൽപ്പോലും വൈദ്യുതി മുടങ്ങിയിട്ടുണ്ടെങ്കിൽ ഇന്റർനെറ്റ് ലഭിക്കാതെ വരുന്നുണ്ട്. പലപ്പോഴും ഇന്റർനെറ്റ് വളരെയധികം കുറവാണ്. സ്കൂളുകളിൽനിന്ന് സംഘടിപ്പിക്കുന്ന ഓൺലൈൻ യോഗങ്ങളിൽ പങ്കെടുക്കാനാവുന്നില്ല.
ഇൻസാഫ് അലി കെ.എസ്. എട്ടാംക്ലാസ്
ജി.എച്ച്.എസ്.എസ്. പട്‌ളശക്തമായ മഴ തുടങ്ങിയതോടെ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. മിക്കവാറും വൈദ്യുതി തടസ്സപ്പെട്ടാൽ വീണ്ടും വരണമെങ്കിൽ നാലോ അഞ്ചോ ദിവസം കാത്തിരിക്കണം. അതുകൊണ്ട് തന്നെ ഓൺലൈൻ പഠനം പലപ്പോഴും പാതിവഴിയിൽ നിർത്തേണ്ടിവരികയാണ്. പത്താം ക്ലാസിലായതിനാൽ ഒരുപാട് പഠിക്കാനും എഴുതിയെടുക്കാനുമുണ്ട്. പലപ്പോഴും വൈദ്യുതി മുടങ്ങുന്നതിനാൽ ക്ലാസിൽ പങ്കെടുക്കാനോ എഴുതിയെടുക്കാനോ പറ്റാറില്ല.
അക്ഷയ് കെ.നായർപനിച്ചിങ്ങവളപ്പ്
എച്ച്.എഫ്.എച്ച്.എസ്.എസ്. രാജപുരംവീട്ടിൽ കറന്റില്ലാത്തതിനാൽ സാമൂഹ്യപഠന കേന്ദ്രത്തെയാണ് ഓൺലൈൻ പഠനത്തിന് ആശ്രയിച്ചുവന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ ഈ കേന്ദ്രം തുറക്കാതായിട്ട് ആഴ്ചകളായി. അതുകൊണ്ട് തന്നെ പഠനവും പാതിവഴിയിലായി. ഇതുസംബന്ധിച്ച് പരാതി നല്കിയെങ്കിലും പരിഹാരമുണ്ടായില്ല.
ദുരിതാശ്വാസകേന്ദ്രത്തിലായതിനാൽ ഈ ദിവസങ്ങളിലും പഠനം മുടങ്ങിയിരിക്കുകയാണ്. ഇൻറർനെറ്റ് സ്പീഡും വളരെ കുറവാണ്.
പ്രതിഭ കൃഷ്ണൻ ( മാലോത്ത് കസബ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന്) ക്ലാസ് ഒമ്പത്
കൊന്നക്കാട്
ജി.എച്ച്.എസ്.എസ്. മാലോത്ത് കസബ