ബന്തടുക്ക : പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മാണിമൂല അഞ്ചനടുക്കത്തെ അച്ചു എന്ന അശ്വിൻരാജിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. സംസാരരീതിയും പെരുമാറ്റത്തിലെ വ്യത്യസ്തതയും ആകർഷണീയതയും പക്വതയും കാരണം ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു അച്ചു. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ടൗണിൽനിന്ന്‌ ഏറെദൂരെ അഞ്ചനടുക്കം വനാതിർത്തിയോടുചേർന്നാണ് വീടെന്നതിനാൽ അശ്വിൻരാജിന്റെ പഠനസൗകര്യമുൾപ്പെടെ മുന്നിൽക്കണ്ട് മാണിമൂല ഗവ. എൽ.പി. സ്കൂളിനു സമീപം വീട് നിർമാണം നടക്കുകയാണ്. വീടിന്റെ അവസാന മിനുക്കുപണി മാത്രമേ ഇനി ചെയ്യാൻ ബാക്കിയുള്ളൂ.

അടുത്തിടെയാണ് പിതാവ് രാജേഷ് ജോലിക്കായി ഗൾഫിൽ പോയത്. മകൻ തീവ്രപരിചരണ വിഭാഗത്തിലാണെന്നറിഞ്ഞ് കഴിഞ്ഞദിവസം രാത്രി രാജേഷ് മംഗളൂരുവിലെത്തിയിരുന്നു.