എം.രാജേഷ് കുമാർ

സുള്ള്യ

: ദക്ഷിണകർണാടകയിലെ സുള്ള്യയിൽനിന്ന് കാസർകോടിെന്റ കിഴക്കൻമലയോരത്തെത്താൻ ഇനി ഇടുങ്ങിയ പാതയിലൂടെയും ടാറിങ് തകർന്നുണ്ടായ കുഴികളിൽച്ചാടിയും സഞ്ചരിക്കേണ്ട.

കർണാടകസംരക്ഷിതവനത്തിലൂടെ കേരളത്തിലേക്കുള്ള സുള്ള്യ-കണ്ണാടിത്തോട് പാത നവീകരണം തുടങ്ങി. സുള്ള്യയിൽനിന്ന് നാർക്കോട്, കോൾച്ചാർ, കണക്കൂർ വഴിയുള്ള പാതയാണ് നവീകരിക്കുന്നത്. മലയോരത്തെ പ്രധാന മലയോര വാണിജ്യകേന്ദ്രമായ ബന്തടുക്കയിലെത്തുന്നതിനുള്ള പാതയാണിത്.

സുള്ള്യയിൽനിന്ന് സംസ്ഥാന അതിർത്തി കണ്ണാടിത്തോടേക്ക് 15 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഇതിൽ നാർക്കോട് മുതൽ കണക്കൂർവരെ 10 കിലോമീറ്റർ പാതയാണ് നിലവിൽ നവീകരിക്കുന്നത്. ഇതിലാകട്ടെ നാലര കിലോമീറ്റർ കർണാടകസംരക്ഷിത വനപ്രദേശമാണ്.

കർണാടക പൊതുമരാമത്തുവകുപ്പ് സംസ്ഥാനപാതാ വികസനപദ്ധതിയിൽപ്പെടുത്തിയാണ് നവീകരണം. 10.5 കോടി രൂപയാണ് ചെലവ്. അഞ്ചരമീറ്ററാണ് വീതി. മൂന്നിടങ്ങളിൽ കലുങ്കുകൾ നിർമിക്കുന്നു. ഇരുവശങ്ങളിലുമായി കോൺക്രീറ്റ് ഓവുചാലുകളും നിർമിക്കും.

നാർക്കോട് മുതൽ സുള്ള്യടൗൺവരെയുള്ള നാലുകിലോമീറ്റർ പാത നവീകരിക്കുന്നതിനും കരാറായിട്ടുണ്ട്.

നവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ച് 2019-ൽ കരാർ നൽകിയിരുന്നുവെങ്കിലും കോവിഡ്, ലോക് ഡൗൺ പ്രതിസന്ധി കാരണം പ്രവൃത്തി തുടങ്ങാൻ വൈകി.

ബാർപ്പണ പാലം

:സുള്ള്യ-കണ്ണാടിത്തോട് പാതയിൽ നാർക്കോട് ബാർപ്പണ തോടിന്റെ പഴയപാലം പൊളിച്ചുമാറ്റി പുതിയതിന്റെ നിർമാണപ്രവൃത്തി ഇതിനോടകം പൂർത്തിയാക്കിയിരുന്നു. നബാർഡ് സഹായത്താൽ ലഭിച്ച 91 ലക്ഷം രൂപ ചെലവിലാണ് പാലം പണിതത്. 10 മീറ്റർ വീതിയിലാണ് പുതിയ പാലം. ആദ്യകാലത്ത് നിർമിച്ചതും ചെറുവാഹനങ്ങൾക്കുപോലും അരികുനൽകാൻ സാധിക്കാത്തതരത്തിൽ ഇടുങ്ങിയതായിരുന്നു പഴയപാലം.

നഗരകവാടത്തിൽ കോൺക്രീറ്റ് പാത

:ഏറെനാളത്തെ മുറവിളിക്കുശേഷം സുള്ള്യ നഗരകവാടത്തിനും പയസ്വിനിപുഴയുടെ പാലത്തിനും ഇടയിൽ 2018 ഡിസംബറിൽ പാത കോൺക്രീറ്റ് ചെയ്തിരുന്നു. ഗുരുംപൂവിൽനിന്നും നഗരത്തിലേക്ക് 250 മീറ്റർ ദൈർഘ്യത്തിലാണ് അന്ന് നവീകരിച്ചത്.

അഞ്ചരമീറ്റർ വീതിയാണ് ഇവിടങ്ങളിൽ. എം.എൽ.എ.യുടെ മഴക്കെടുതി ദുരിതാശ്വാസഫണ്ടുപയോഗിച്ച് നഗരപഞ്ചായത്തിനായിരുന്നു നിർമാണച്ചുമതല.

ഇരുസംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനായി കണ്ണാടിത്തോട് മുതൽ കണക്കൂർവരെ രണ്ട് കിലോമീറ്ററോളം ദൈർഘ്യത്തിൽ വനപാത നിർമിച്ച് ഗതാഗതത്തിനായി തുറന്നത് 2016 ഏപ്രിൽ 30-നാണ്. ശേഷം, ഇതുവഴി ചരക്കുലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സഞ്ചരിച്ചുതുടങ്ങി. എന്നാൽ, വീതികുറഞ്ഞ പാതയും പഴയപാലവുമാണെന്നതിനാലുള്ള ബുദ്ധിമുട്ട് വ്യാപക പരാതിക്കിടയാക്കിയിരുന്നു.