കാസർകോട് : അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ പരസ്യവിചാരണ നടത്തുന്നതടക്കമുള്ള സമരങ്ങൾക്ക് എ.ഐ.വൈ.എഫ്. നേതൃത്വം നൽകുമെന്ന് ജില്ലാ ഭാരവാഹികൾ പ്രസ്താവിച്ചു.

ജില്ലയിൽ മൂന്ന് ഉദ്യോഗസ്ഥരാണ് ഒരു മാസത്തിനിടയിൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിജിലൻസ് പിടിയിലായത്. സാധാരണക്കാർ നേരിട്ട് എത്തുന്നിടത്ത് നേരിട്ടും മറ്റ് ഓഫീസുകളിൽ ഏജന്റുമാർ മുഖേനയും വൻതോതിൽ അഴിമതി നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

സർക്കാർ നടപ്പാക്കുന്ന ജനകീയപദ്ധതികൾ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ അട്ടിമറിക്കുകയും ചെയ്യുന്നുണ്ട്.

ജീവനക്കാരുടെ സംഘടനകളും പൊതുജനങ്ങളും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സമൂഹത്തിലെ ഇത്തരം ദുഷ്‌പ്രവണതകൾ വർധിക്കുന്നത് തടയണമെന്നും എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് എം.സി. അജിത്ത്, സെക്രട്ടറി എം. ശ്രീജിത്ത് എന്നിവർ പ്രസ്താവിച്ചു.