ടി. രാജൻ
ചെറുവത്തൂർ
: കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിന് രാവിലെയാണ് മഴ കനത്തുതുടങ്ങിയത്. രാത്രിയാകുമ്പോഴേക്കും പെരുമഴയായി. കാര്യങ്കോട് പുഴ കരകവിഞ്ഞു. ഇരുഭാഗങ്ങളിലേയും താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കിട്ടാവുന്ന സാധനങ്ങളും വളർത്തുമൃഗങ്ങളുമായി നീലേശ്വരത്തെയും ചെറുവത്തൂരിലെയും തീരപ്രേദശത്തെ നിരവധി കുടുംബങ്ങൾ രാത്രിയിൽ ബന്ധുവീടുകൾ ഉൾപ്പെടെയുള്ള സുരക്ഷിതതാവളങ്ങൾ തേടി.
തദ്ദേശസ്ഥാപന ജനപ്രതിനിധികൾ റവന്യൂ, അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധപ്രവർത്തകർ തുടങ്ങി ഒട്ടേറെയാളുകൾ എല്ലാം മറന്ന് രാത്രിയിൽ രക്ഷാപ്രവർത്തനത്തിനെത്തി. പുഴയായി മാറിയ റോഡിലൂടെ തോണിയിൽ കുട്ടികളെയും വയോജനങ്ങളെയും സുരക്ഷിതസ്ഥലങ്ങളിലെത്തിച്ചു. ചെറുവത്തൂരിൽ നാലും നീലേശ്വരത്ത് ആറും ദുരിതാശ്വാസക്യാമ്പുകളിൽ രണ്ടായിരം വീതം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൂന്നാംദിവസമാണ് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. ചെറുവത്തൂരിൽ ആറുവീടുകൾ പൂർണമായും 75 വീടുകൾ ഭാഗികമായും നീലേശ്വരത്ത് ഒരുവീട് പൂർണമായും 90 വീടുകൾ ഭാഗികമായും അന്ന് തകർന്നു. ദുരിതബാധിതർക്ക് പത്തായിരം രൂപ സമാശ്വാസമായി സർക്കാർ അനുവദിച്ചു. വീട്, കെട്ടിടം, വിളനാശം എന്നിവയുടെ തോത് കണക്കാക്കി നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. അനർഹർ സഹായധനം കൈപ്പറ്റിയെന്നും അർഹരായവർ തഴയപ്പെട്ടുവെന്നുമുള്ള ആക്ഷേപം ഇപ്പോഴുമുണ്ട്.
ഡയാലിസിസിന് വിധേയനായ എരിഞ്ഞിക്കീലെ ടി.വി. കണ്ണൻ ഉൾപ്പെടെ പടിഞ്ഞാറൻമേഖലയിൽ ഒട്ടേറെപേർ സഹായധനം ലഭിച്ചില്ലെന്ന് ആക്ഷേപം ഒരുവർഷം പിന്നിടുമ്പോഴുമുണ്ട്. തഹസിൽദാർക്ക് പരാതി നൽകിയിട്ടും അദാലത്തിൽ പോയിട്ടും ഫലമുണ്ടായില്ലെന്ന് ടി.വി. കണ്ണൻ പറഞ്ഞു.
ഇത്തവണ നേരത്തേ സജ്ജം
കോവിഡ് സാഹചര്യത്തിൽ ജനങ്ങളുടെ സഹകരണം അനിവാര്യം. കഴിഞ്ഞവർഷം അപ്രതീക്ഷിതവും സമാനതകളില്ലാത്ത ദുരന്തമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് ചെറുവത്തൂർ പഞ്ചായത്തിന്റെയും നീലേശ്വരം നഗരസഭയുടെയും തീരപ്രദേശങ്ങളിലാണ്. ഇത്തവണ പ്രളയം വരുമെന്ന തോന്നലിൽ നേരിടാൻ രണ്ടിടത്തും നേരത്തേ മുന്നൊരുക്കം നടത്തി. വെള്ളപ്പൊക്കത്തിൽ കുടിയൊഴിയേണ്ടിവന്നാൽ താമസിപ്പിക്കുന്നതിന് സ്ഥലസൗകര്യം കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചന നടത്തി ആവശ്യമായ മുൻകരുതലെടുത്തു.
ഇതാ... ഈ ചുമരുവരെ വെള്ളമെത്തിയിരുന്നു... എല്ലാടത്തും വിള്ളൽ വീണു... ഇത്തവണയും വെള്ളം കയറിയാൽ വീടുവീഴും. സഹായധനം കിട്ടിയില്ല‘‘80 വയസ്സ് കഴിഞ്ഞു. അരനൂറ്റാണ്ടോടുത്ത് ഈ പുഴയോരത്താണ് വാസം. കഴിഞ്ഞവർഷത്തിലേതുപോലൊരു വെള്ളപ്പൊക്കം കണ്ടിട്ടില്ല. വീടിനകത്ത് വെള്ളം കയറി സർവതും നശിച്ചു. കടിഞ്ഞിക്കലിൽനിന്ന് മകൻ ഗണേശനെത്തിയാണ് ജീവൻ രക്ഷിച്ചത്. ബാക്കിയുള്ളവരെ കൊവ്വൽ സ്കൂളിലെ ദുരിതാശ്വസക്യാമ്പിലെത്തിച്ചു. അന്ന് വീടിന്റെ ചുമരുകളിൽ വിള്ളൽ വീണു. ഇത്തവണ വെള്ളം കയറിയാൽ വീട് നിലം പതിക്കും. ആനുകൂല്യത്തിന്റെ പട്ടികയിൽ തുടക്കത്തിലുണ്ടായിരുന്നു. പിന്നീട് പേര് മാഞ്ഞുപോയി.’’ കാര്യങ്കോട് പുഴയോട് ചേർന്ന് താമസിക്കുന്ന കോയിത്താറ്റിൽ ചന്തൻ
കരുതിയിരിക്കണം കിഴക്കൻ മലയോരം
കഴിഞ്ഞ നാല്പതിലധികം വർഷമായി ഭൂശാസ്ത്ര പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായ കോളേജ് വിദ്യാഭ്യാസ മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. വി. ഗോപിനാഥൻ മാതൃഭൂമിയോട് സംസാരിക്കുന്നുകഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി ഉരുൾപൊട്ടലും മണ്ണിടിച്ചലും പോലുള്ള ദുരന്തങ്ങൾമൂലം നാം ഭയചകിതരാണ്. കാസർകോട്ടെ കിഴക്കൻ മലയോരങ്ങളിലും ഇത്തരം പ്രതിഭാസം ഉണ്ടാവാൻ സാധ്യതയുണ്ട്. നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രകൃതിവിഭവങ്ങൾ അശാസ്ത്രീയമായി ഖനനം ചെയ്തെടുക്കുന്ന മേഖലയാണിവ. അതുവഴി ഭൂമിയുടെ പുറംതോടിലുണ്ടാക്കുന്ന സ്ഫോടനങ്ങൾ വഴിയുള്ള പ്രകമ്പനങ്ങൾ പാറകളിലും മണ്ണിലും ഉണ്ടാക്കുന്ന ഘടനാപരമായ മാറ്റങ്ങൾ ദുരന്തങ്ങൾക്ക് കാരണമാകുന്നു.
ചരിവുകളിലുള്ള റോഡ് നിർമാണം, വീടുകളടക്കമുള്ള കെട്ടിടനിർമാണം, വനനശീകരണം, കൃഷിരീതിയിലുള്ള മാറ്റങ്ങൾ, അശാസ്ത്രീയമായി ചെയ്തുകൂടാത്ത സ്ഥലങ്ങളിൽ ഉണ്ടാക്കുന്ന മഴക്കുഴികളടക്കമുള്ള ജലസംരക്ഷണമാർഗങ്ങൾ ഇവയൊക്കെ കാരണം ഉപരിതലപ്രദേശങ്ങൾ മൃദുലമായി മാറുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ശക്തമായ മഴയിൽ മണ്ണിലടങ്ങിയ കളിമണ്ണ് വെള്ളം കുടിച്ച് വീർത്ത് ഭാരം വർധിപ്പിക്കുന്നു. താഴേക്ക് ഒഴുകിപ്പോകാൻ പറ്റാത്ത വെള്ളം ശക്തമായി പൊട്ടിയൊലിക്കും. ഉരുളായി മാറും. ഖനനമേഖലകളിൽ പുതുതായി പ്രത്യക്ഷപ്പെടുന്ന വിള്ളലുകളിൽ വെള്ളം കയറുന്നത് സമ്മർദം കൂട്ടും. റബ്ബർമരങ്ങളും നാണ്യവിളകളും മണ്ണൊലിപ്പ് തത്‌കാലം തടയുമെങ്കിലും അവ പാറകളിലുണ്ടാക്കുന്ന വിള്ളലുകൾ വലുതാക്കി ദുരന്തങ്ങൾക്ക് വഴിവെക്കുന്നു.
പ്രകൃതിവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്ന നീർച്ചാലുകൾ തുറന്നുവിടുക. അശാസ്ത്രീയവും അനധികൃതവുമായ നിർമാണപ്രവർത്തനങ്ങൾ ഇല്ലാതാക്കണം. പ്രകൃതിയെ അറിഞ്ഞ് ജീവിക്കുക. മനുഷ്യനിർമിതമായ ദുരന്തങ്ങൾ ഇല്ലാതാക്കാൻ ജനങ്ങളെകൂടി ഉൾപ്പെടുത്തി മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. മനുഷ്യരുടെ അവകാശമല്ല ഭൂമി. ഭൂമി നൽകിയ ഔദാര്യമാണ് മനുഷ്യൻ എന്നറിയുക.