പൊയിനാച്ചി : ടാറ്റാ ഗ്രൂപ്പ് നിർമിക്കുന്ന താത്കാലിക കോവിഡ് ആസ്പത്രി യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിൽ ഇതിനായി കണ്ടെത്തിയ 12 ഏക്കർ റവന്യൂഭൂമിയിൽനിന്ന് അഞ്ച് ഏക്കർ ആസ്പത്രിയുടെ പ്രാരംഭപ്രവർത്തനത്തിന് അളന്ന് തിട്ടപ്പെടുത്തി.
കാസർകോട് തഹസിൽദാർ എ.വി.രാജൻ, ഡെപ്യൂട്ടി തഹസിൽദാർ ജി.സുരേഷ്ബാബു, സർവേയർ എം.കുഞ്ഞിരാമൻ, കെ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച സർവേ നടത്തിയത്. കളക്ടർ ഡോ. ഡി.സജിത്ത് ബാബുവും സ്ഥലത്തെത്തിയിരുന്നു. ചട്ടഞ്ചാലിലെ മേൽപ്പറമ്പ് പോലീസ് സ്‌റ്റേഷനു സമീപത്തുകൂടി ദേശീയപാതയിൽനിന്ന് മാഹിനാബാദിലേക്ക് പോകുന്ന റോഡിലൂടെയാണ് ഈ സ്ഥലത്തേക്കുള്ള വഴി. പരന്നതും എന്നാൽ ചെറിയ കുഴികളുമുള്ള പാറപ്രദേശമാണിത്. 12 ഏക്കറിലെ മികച്ച ഭാഗമാണിത്. ഭൂമി നിരപ്പാക്കാൻ ഇവിടെ കൂടുതൽ സമയം പാഴാക്കേണ്ടിവരില്ലെന്നാണ് പ്രതീക്ഷ.
നിർമാണം നടത്തുന്നതിന് മുന്നോടിയായി ഭൂമിയുടെ നിരപ്പ് മനസ്സിലാക്കാൻ ടാറ്റ ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ ഇവിടെ കോണ്ടൂർ സർവേ തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയായ ഉടൻ ഭൂമി നിരപ്പാക്കലും മറ്റു ജോലികളും തുടങ്ങും. 540 കിടക്കകളുള്ള ആസ്പത്രിയാണ് ഇവിടെ ഒരുക്കുന്നത്. പ്രീ ഫാബ് സാങ്കേതികവിദ്യയിലാണ് ഇത് യാഥാർഥ്യമാക്കുക. അതിഗുരുതരമായ കോവിഡ്-19 പകർച്ചവ്യാധിയുടെ പ്രതിരോധത്തിനായി ടാറ്റ ട്രസ്റ്റുകളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേർന്ന് 500 കോടി രൂപ നൽകുമെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയർമാൻ രത്തൻ എൻ. ടാറ്റ മാർച്ച് 28-ന് ട്വീറ്റ് ചെയ്തിരുന്നു. ചെമ്മനാട് സ്വദേശി സി.എം.ഹാഫിസ്, കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള കാസർകോട് ജില്ലയിലെ സർക്കാർ ആസ്പത്രികളിൽ സൗകര്യം ഒരുക്കാൻ സഹായിക്കണമെന്ന് ഇതിന് കമന്റ് ചെയ്തിരുന്നു.
രാജ്യത്തിന് മറ്റേതു സാഹചര്യത്തേക്കാളും അടിയന്തരമായി സഹായം എത്തിക്കേണ്ട സമയമാണിതെന്നും പാർശ്വവത്കരിക്കപ്പെട്ടവർക്കും നിരാലംബരുമായവർക്ക് അടിയന്തരവിഭവങ്ങൾ വിന്യസിക്കാൻ സഹായിക്കാമെന്നും രത്തൻ എൻ. ടാറ്റ ഇതിന് മറുപടി നൽകി. പിന്നാലെയാണ് സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് കാസർകോട്ട് കോവിഡ് ആസ്പത്രി ഒരുക്കാൻ സന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇതിന് അതിവേഗം നടപടി സ്വീകരിക്കുകയും ചെയ്തു.
വൈദ്യരംഗത്ത് മുൻനിരയിൽനിന്ന് പൊരുതുന്നവർക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനും രോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശ്വാസകോശ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും കൂടുതൽ ടെസ്റ്റിങ് കിറ്റുകൾ വാങ്ങുന്നതിനും രോഗികളായവർക്ക് മോഡുലാർ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പരിശീലനം നല്കുന്നതിനും ഉപയോഗിക്കാൻ ഇതിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് ടാറ്റ മുന്നോട്ടുവെക്കുന്നത്. സംസ്ഥാന സർക്കാറിന്റെ സമയോചിത ഇടപെടൽ വഴി താത്കാലിക ആസ്പത്രിയെ ചികിത്സാരംഗത്ത് ഏറെ മുന്നേറാനുള്ള ജില്ലക്ക് ഭാവിയിൽ പ്രയോജനപ്പെടുത്താനുമാകും.