ചെർക്കള : ചെങ്കള സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്കായുള്ള ഭരണസമിതിയോഗം ക്വാറമില്ലാത്തതിനെത്തുടർന്ന് നടന്നില്ല. ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. പ്രസിഡന്റ് കോൺഗ്രസിലെ ബി.കെ.കുട്ടിയും ഭരണസമിതി അംഗങ്ങളായ മുസ്‌ലിം ലീഗിലെ അഹമ്മദ് കബീറും ബി.അബ്ദുൾമുത്തലിബും എത്തിയെങ്കിലും മറ്റുള്ളവർ വന്നില്ല.
ചെങ്കള ബേവിഞ്ച സ്വദേശിയായ ബാങ്ക് വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ മുഹമ്മദ് കുഞ്ഞി കടവത്തും ബേവിഞ്ച കല്ലുംകൂട്ടം അങ്കണ വാടി അധ്യാപികയായ ഭരണസമിതി അംഗം ചെങ്കള കെ.കെ.പുറത്തെ കെ.മഞ്ജുളകുമാരിയും കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ നിരീക്ഷണത്തിലാണ്.
പാർട്ടിനിർദ്ദേശം ലഭിക്കാത്തതിനെത്തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറികൂടിയായ കെ.കെ.പുറത്തെ കെ.ജയപ്രകാശ് പറഞ്ഞു. ബാങ്കിന്റെ ഒമ്പതംഗ ഭരണസമിതിയിൽ കോൺഗ്രസ് നേതാവും ദീർഘകാലം ബാങ്ക് പ്രസിഡന്റുമായിരുന്ന ബാലകൃഷ്ണ വോർക്കുഡ്‌ലുവിന്റെ നിര്യാണത്തെത്തുടർന്ന് ഇപ്പോൾ എട്ടുപേർ മാത്രമാണുള്ളത്. നിലവിലുള്ള ഭരണസമിതിയിൽ കോൺഗ്രസിനും മുസ്‌ലിം ലീഗിനും നാലുവീതം അംഗങ്ങളാണുള്ളത്.
16-ന് രാവിലെ 11-ന് വീണ്ടും ഭരണസമിതിയോഗം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ബാങ്കിൽനിന്ന് 84 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കംപ്യൂട്ടർ സോഫ്റ്റ്‌വെയർ വിദഗ്ധൻ കൂടിയായ സീനിയർ ക്ലാർക്ക് ബോവിക്കാനം മുണ്ടക്കൈയിലെ പി.വിജയകുമാറിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ നടപടി അംഗീകരിക്കാനും തുടർ നടപടികൾക്കുമായാണ് യോഗം നടത്താൻ നിശ്ചയിച്ചിരുന്നത്.
കുറ്റം സമ്മതിച്ച വിജയകുമാർ 56 ലക്ഷം രൂപ ഇതിനകം തിരിച്ചടച്ചിട്ടുണ്ട്. ഇതിൽ എട്ടരലക്ഷം രൂപ തിങ്കളാഴ്ചയും രണ്ടുലക്ഷം രൂപ ബുധനാഴ്ചയുമാണ് അടച്ചത്. വീട് പണിയുന്നതിനായി വസ്തു പണയപ്പെടുത്തി ചെങ്കള സഹകരണ ബാങ്കിൽനിന്ന് വിജകുമാറെടുത്ത 10 ലക്ഷം രൂപയുടെ ഭവനവായ്പയിൽ ആറുലക്ഷത്തോളം ബാക്കി നിൽപ്പുണ്ട്.
വീടിനും ഒരേക്കറോളം സ്ഥലത്തിനും കൂടി 70 ലക്ഷത്തോളം വിലമതിക്കുമെന്നാണ് കരുതുന്നത്. ബാങ്കിൽനിന്ന് തട്ടിയ തുക പൂർണമായും തിരിച്ചുപിടിക്കാൻ ഇതിലൂടെ കഴിയുമെന്നും ഇടപാടുകാർക്ക് ആശങ്ക വേണ്ടെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്.