രാജപുരം : കോവിഡ് കാലത്തെ ബോറടിയൊന്നും കുഞ്ഞുകാശിയെ ബാധിച്ചിട്ടില്ല. ഓൺലൈൻപഠനത്തിനൊപ്പം പ്രകൃതിയുടെ വർണക്കാഴ്ചകൾ മൊബൈൽഫോണിൽ പകർത്തുന്ന തിരക്കിലാണ് ഈ കുഞ്ഞു ഫോട്ടോഗ്രാഫർ.

കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറാംക്ലാസ് വിദ്യാർഥി എം.കാശിനാഥനാണ് മൊബൈൽഫോൺ ഫോട്ടോഗ്രാഫിയിൽ മികവ് തെളിയിക്കുന്നത്. പ്രൊഫഷണൽ ഫോട്ടോഗ്രഫറുടെ തൻമയത്വത്തോടെയാണ് കാശിനാഥൻ ഓരോ ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. ഇതിനകം നൂറിലധികം ചിത്രങ്ങളാണ് ഈ കുഞ്ഞുഫോട്ടോഗ്രാഫർ പകർത്തിയത്. ഇതിൽ ഭൂരിഭാഗവും പ്രകൃതിയുടെ ദൃശ്യഭംഗിയാണ്.

കോവിഡിനെത്തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽത്തന്നെ ഇരിക്കേണ്ടിവന്ന കാശിനാഥൻ, കൂട്ടുകാർ ഒപ്പമില്ലാത്തതിന്റെ ബോറടി മാറ്റാനാണ് ഓൺലൈൻപഠനത്തിന് കൂട്ടായെത്തിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാൻ തുടങ്ങിയത്.

പൂക്കളും പുഴകളും മരങ്ങളും ചെടികളും ഫലങ്ങളും എന്നുവേണ്ട, കാശിനാഥനെ ആകർഷിച്ചവയെല്ലാം ചിത്രങ്ങളായി മാറുകയായിരുന്നു. ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സ്കൂളിലെ അധ്യാപകരും കൂട്ടുകാരും അഭിനന്ദനവും പ്രോത്സാഹനവുമായെത്തി. മകന്റെ താത്പര്യം തിരിച്ചറിഞ്ഞതോടെ ഫോട്ടോഗ്രാഫിയിൽ കൂടുതൽ പരിശീലനം നൽകാനാണ് രക്ഷിതാക്കളായ രവീന്ദ്രൻ കൊട്ടോടിയുടെയും ശ്രീജയുടെയും തീരുമാനം.