കാസർകോട്: തെങ്ങ് ചതിക്കില്ലെന്ന ധാരണ വെറും തെറ്റിദ്ധാരണയാണെന്ന് തെളിയിച്ച് കാസർകോട്ടെ കളനാട്ടൊരു തെങ്ങ് തന്റെ ഉടമയെ ചതിച്ചു. തെങ്ങാണോ തേങ്ങയാണോ ആദ്യമുണ്ടായതെന്ന് കളനാട് ഹദ്ദാദ് നഗറിലെ മുഹമ്മദ് കുഞ്ഞിയോട് ചോദിച്ചാൽ അദ്ദേഹം പറയും 'തെങ്ങ്!' അതിന് കാരണവുമുണ്ട്. മുഹമ്മദ് കുഞ്ഞിയുടെ വീട്ടുമുറ്റത്ത് നട്ട ഒരു തെങ്ങിൽ തേങ്ങയ്ക്ക് പകരം ഉണ്ടാകുന്നത് തെങ്ങിൻതൈകളാണ്.

ആറ് വർഷം മുമ്പാണ് മുഹമ്മദ് കുഞ്ഞി ഈ തെങ്ങ് നട്ടത്. സ്വന്തം പറമ്പിലുണ്ടായ തേങ്ങ മുളപ്പിച്ചെടുത്ത തൈകളായിരുന്നു നടാനുപയോഗിച്ചത്. അന്ന് ഈ തെങ്ങിനോടൊപ്പം നട്ട മറ്റു തെങ്ങുകൾ സാധാരണപോലെ കായ്ഫലം തന്നു തുടങ്ങി. എന്നാൽ ഈ ഒരു തെങ്ങുമാത്രം തെങ്ങിൻതൈകളായിരുന്നു മുഹമ്മദ് കുഞ്ഞിക്ക് സമ്മാനിച്ചത്.

തേങ്ങയ്ക്ക് പകരം നിറയെ തെങ്ങിൻതൈകളുമായി നിൽക്കുന്ന തെങ്ങ് ഇപ്പോൾ കൗതുകമാവുകയാണ്. പത്തടിയോളം ഉയരമുള്ള തെങ്ങിൽ ഇപ്പോൾ പതിനഞ്ചിലധികം തെങ്ങിൻതൈകൾ മുളച്ചുനിൽപ്പുണ്ട്. ചില തൈകൾ വളഞ്ഞ് ചുരുണ്ടാണ് വളരുന്നത്. എന്നാൽ ചിലത് വളരെ ഊർജസ്വലതയോടെയാണ് വളരുന്നത്.

'രണ്ടുവർഷം മുമ്പാണ് തെങ്ങിൽ ഇത്തരം ഒരു പ്രതിഭാസം കണ്ടുതുടങ്ങിയത്. ആദ്യം ഉണ്ടായ തൈകൾ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഉണ്ടായ തൈകൾ തെങ്ങിൽ തന്നെ ശക്തിയാർജിച്ച് വളരുകയായിരുന്നു. ഇതിൽ തേങ്ങ ഒന്നുപോലും ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെങ്ങനെ ഇത് സംഭവിച്ചുവെന്നതാണ് മനസ്സിലാവാത്തത്. എന്തായാലും സംഭവം കൃഷിവകുപ്പിന്റെയും സി.പി.സി.ആർ.ഐ.യുടെയും ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം' മുഹമ്മദ് കുഞ്ഞി പറയുന്നു.

ജനിതകവ്യതിയാനമാകാം:സസ്യങ്ങളിൽ പുതിയ തൈകളുണ്ടാവാനുള്ള സൊമാറ്റിക്‌ സെല്ലുകളിലുണ്ടായ ജനിതകവ്യതിയാനമാവാം ഇത്തരം പ്രതിഭാസത്തിന് കാരണം. തെങ്ങിൽ മച്ചിങ്ങ ഉണ്ടായതിനുശേഷമാണോ അല്ലെങ്കിൽ തെങ്ങിൽനിന്ന്‌ നേരിട്ടാണോ തൈകൾ വളരുന്നതെന്ന് പരിശോധനയ്ക്കുശേഷം മാത്രമേ പറയാനാവൂ. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ കേന്ദ്ര തോട്ടവിള ഗവേഷണസംഘം സ്ഥലം പരിശോധിക്കും.- ഡോ. കെ. ഷംസുദ്ദീൻ (പ്രിൻസിപ്പൽ സയന്റിസ്റ്റ് സി.പി.സി.ആർ.ഐ. കാസർകോട്)