ഉദുമ : ബേക്കൽ കോട്ടയുടെ മുന്നിൽ സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ജനറേറ്ററിനെ കാട്ടിൽനിന്ന് മോചിപ്പിച്ചു. വിനോദസഞ്ചാരവകുപ്പ് ബേക്കൽ കോട്ടയിൽ തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ആവശ്യത്തിനാണ് കോട്ടയുടെ മുൻവശത്തുതന്നെ വലിയ ജനറേറ്റർ സ്ഥാപിച്ചത്. ഇത് കാടുമൂടിക്കിടന്നതും ലൈറ്റ് ആൻഡ് സൗണ്ട് ഷോ മുടങ്ങിയതും മാതൃഭൂമി വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജനറേറ്ററിനു ചുറ്റും കാട് നീക്കിയത്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. അതിനിടെ ബേക്കൽ കോട്ടയുടെ പുറത്ത് കാട് തെളിക്കുന്നതിനിടയിൽ കണ്ടെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു. ബേക്കൽ കോട്ടയുടെ പാർക്കിങ് ഗ്രൗണ്ടിന്‍റെ പിന്നിൽ കാട് തെളിക്കുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാമ്പുപിടിത്തക്കാരൻ പ്രകാശൻ നെല്ലിയടുക്കം പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു.