കാസർകോട്: ''റോഡിൽ ഇരുന്ന് ആനയ്ക്ക് നേരേ പടക്കം പൊട്ടിക്കുന്നതിനിടെ കാട്ടിൽ ഒളിച്ചിരുന്ന കൊമ്പൻ പെട്ടെന്ന് മുന്നോട്ട്‌ കുതിച്ചു. ഞങ്ങളുടെ എണ്ണത്തിലുള്ള ആനയായിരുന്നില്ല അത്. ഞങ്ങൾ മൂന്നുപേരും ഓടി, ആന വേഗം കുറച്ചതിനാൽ ഞങ്ങളന്ന് രക്ഷപ്പെട്ടു.'' രണ്ടുവർഷം മുമ്പ് ദേലംപാടി മലാങ്കടപ്പിൽ കാട്ടാനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ട ദേലംപാടി മലാങ്കടപ്പിലെ നാരായണന്റെ വാക്കുകൾ, ഇദ്ദേഹം ഇന്നും സ്വത്ത് കാക്കാൻ കാട്ടാനയോട് ജീവൻ പണയംവെച്ച് പോരാടുകയാണ്.

കർണാടകവനത്തിൽനിന്നുള്ള ആനകളാണ് ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിൽ ജനവാസം ബുദ്ധിമുട്ടാക്കുന്നത്. 2008 മുതൽ ദേലംപാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ വന്യമൃഗങ്ങളോട് കലഹത്തിലാണ്. ദേലംപാടിയിലെ തീർഥങ്കര, കട്ടിപ്പാറ, പള്ളഞ്ചി, കടുമന തുടങ്ങിയ ജനവാസമേഖലയിലാണ് ആദ്യം കാട്ടാന ശല്യമുണ്ടായത്. പിന്നീട് പയസ്വിനി പുഴ കടന്ന് കാറഡുക്ക പഞ്ചായത്തിലെ ഭാഗങ്ങളിലേക്ക് കാട്ടാനയുടെ സഞ്ചാരപാത വർധിപ്പിച്ചു. നെയ്യങ്കയം, ചന്ദ്രങ്കൈ ഭാഗങ്ങളിലും കാട്ടാനയെത്തി കൃഷി നശിപ്പിച്ചു. നിലവിൽ പയസ്വിനിയുടെ ഭൂരിഭാഗം തീരങ്ങളിലും കാട്ടാന ഇറങ്ങുന്നതിന്റെ യാതന അനുഭവിക്കുന്ന ജനങ്ങളാണ് താമസിക്കുന്നത്.

ജില്ലയുടെ കിഴക്കൻ മലയോരത്തും സ്ഥിതി സമാനമാണ്. ആദ്യം വായിക്കാനത്ത് ഇറങ്ങിയ കാട്ടാന ബളാൽ പഞ്ചായത്തിലെ അത്തിയടുക്കം, കടവത്തുമുണ്ട്, അശോകചാൽ ഭാഗങ്ങളിലേക്കും ഇറങ്ങിയിരിക്കുകയാണ്. കേരള വനാതിർത്തിയോട് ചേർന്നുള്ള അത്തിയടുക്കത്ത് കഴിഞ്ഞ രണ്ടുവർഷമായി ആന ജനവാസ മേഖലയിലേക്കിറങ്ങുകയാണ്.

കാട്ടാനയിറങ്ങുമ്പോൾ പടക്കവും പന്തവുമായി കാടിന്റെ ശക്തിയോട് പോരാടുകയാണ് അതിർത്തിയിലെ ജനം.

കാട്ടാനശല്യം തുടങ്ങിയ കാലത്ത് നായ കുരച്ചാൽ പോലും തിരിഞ്ഞോടുന്ന ആനക്കൂട്ടത്തിന് ഇന്ന് പന്തവും പടക്കവും പോലും ഏശുന്നില്ലെന്ന് ദേലംപാടിയിലെ നാട്ടുകാർ പറയുന്നു.

ആന തിരിച്ച് കാട് കയറുന്നതുവരെ കർഷകന്റെ ഉള്ളിൽ തീയാണ്. നശിപ്പിക്കുന്നത് എന്തെല്ലാമെന്ന് ചിന്തിക്കുക അസാധ്യം. കഴിഞ്ഞാഴ്ച ഇറങ്ങിയ കാട്ടാന ദേലംപാടിയിലെ നാരായണനെന്ന കർഷകന്റെ വീട്ടിലെ കൃഷിക്ക് ഉപയോഗിക്കുന്ന പമ്പ് സെറ്റാണ് തകർത്തത്. കാട്ടാന നശിപ്പിച്ച വിളകൾക്ക് നഷ്ടപരിഹാരമുണ്ട്.

എന്നാൽ പമ്പ് സെറ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നഷ്ടപരിഹാരം എവിടെനിന്ന് ലഭിക്കുമെന്നാണ് ഈ കർഷകന്റെ ചോദ്യം.

സൗരോർജവേലി പൂർത്തിയാക്കണം

എല്ലാവർഷവും ആന വന്നുപോകുന്നുണ്ട്. തെയ്യംങ്കൂമംമുതൽ സൗരോർജവേലി കെട്ടിയിട്ടുണ്ടെങ്കിലും ഇത്‌ പൂർത്തിയായിട്ടില്ല. മാവുച്ചാലിന് ഒരുകിലോമീറ്റർ ദൂരം പൂർത്തിയായിട്ടില്ല. ഇതുവഴിയാണ് ആന വരുന്നത്. സൗരോർജവേലി കെട്ടിയെങ്കിലും ഇത് വഴി വൈദ്യുതിയും കടത്തിവിട്ടിട്ടില്ല. ഇതുകൊണ്ട് ആന ഇറങ്ങുന്നതിന് തടസ്സവുമില്ല.

ജോർജ് തോമസ്, കൊന്നക്കാട്