പെരിയ : വാഹനപരിശോധനക്കിടെ ആരോഗ്യപ്രവർത്തകരെ പോലീസ് അന്യായമായി തടഞ്ഞുനിർത്തുന്നതായി പരാതി.

പുല്ലൂർ-പെരിയ സി.എച്ച്.സി ആരോഗ്യപ്രവർത്തകരാണ് പോലീസ് പരിശോധനയെക്കുറിച്ച് പരാതിക്കാർ.

വ്യാഴാഴ്ച രാവിലെ ചാലിങ്കാൽ ദേശീയപാതയിൽ നടന്ന വാഹനപരിശോധനയ്ക്കിടെ ആരോഗ്യവകുപ്പിന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും സഞ്ചരിച്ച വാഹനത്തിന്റെ ഫോട്ടോ പകർത്തിയ ശേഷമാണ് പോകാൻ അനുവദിച്ചതെന്ന് പെരിയ സി.എച്ച്.സി.യിലെ ഹെൽത്ത് സൂപ്പർവൈസർ അശോകൻ പറഞ്ഞു.

ഇതിന് മുമ്പും ഇത്തരം അനുഭവം പോലീസിൽനിന്നുണ്ടായെന്നും അദ്ദേഹം പരാതിപ്പെട്ടു. വാഹന പരിശോധനയിൽ ആരോഗ്യപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്ന സർക്കാർ നിലപാടിന് വിരുദ്ധമാണ് പോലീസ് നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.