തൊഴിലിനായി യുവാക്കൾ എത്തുന്നത് വീട്ടിലെ മുതിർന്നവരുടെ കാർഡിൽകാസർകോട് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് വൻതോതിൽ തൊഴിൽനഷ്ടം ഉണ്ടായ സാഹചര്യത്തെ അതിജീവിക്കാനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കടന്നുവന്ന് ജില്ലയിലെ യുവാക്കളും.
തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെ ജില്ലയിൽ 10 ശതമാനത്തോളം യുവാക്കൾ തൊഴിലുറപ്പ് പദ്ധതിയിലേക്കെത്തിയെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
40 വയസ്സിൽ താഴെയുള്ളവരും വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ യുവാക്കളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ജില്ലയിലെ 49,000 തൊഴിലുറപ്പ് തൊഴിലാളികളിൽ ഏകദേശം നാലായിരത്തിനടുത്ത് യുവാക്കളുണ്ടെന്നാണ് അധികൃതരുടെ കണക്ക്.
സ്വന്തമായി തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചേർന്നവരും മുതിർന്നവരുടെ കാർഡിൽ തൊഴിലെടുക്കാൻ വരുന്നവരും യുവാക്കളുടെ കൂട്ടത്തിൽ ഉണ്ട്. തൊഴിൽ നഷ്ടപ്പെട്ടവരും വിദേശത്തേക്ക് തിരികെപോകാനാവാത്തവരും പഠനം പൂർത്തിയായി നിൽക്കുന്നവരുമായ യുവാക്കളാണ് ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
നിരവധി യുവാക്കൾ തൊഴിലുറപ്പ് കാർഡ് എടുക്കുന്നതിനായി സന്നദ്ധതയറിയിച്ച് വന്നിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ജോലിക്കും മറ്റുമുള്ള പരീക്ഷകൾക്കായി ഒരുങ്ങിനിൽക്കുന്ന യുവാക്കളും ഇക്കൂട്ടത്തിലുണ്ട്.വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ 10 ശതമാനം യുവാക്കളാണ് പദ്ധതിയിൽ ചേർന്നത്‌യുവാക്കൾ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കടന്നുവരുന്നത് നല്ല കാര്യമാണ്. യുവാക്കളുടെ കായികക്ഷമത ജില്ലയുടെ വികസനപ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യും. മാത്രമല്ല, ഇതിലൂടെ യുവാക്കളെ ഫീൽഡ് ലേബർ തസ്തികയിലേക്ക് വളർത്തിയെടുക്കാനാവുകയും ചെയ്യും.
ആൺകുട്ടികളാണ് കൂടുതലായും തൊഴിലുറപ്പ് പദ്ധതികളിലേക്ക് കടന്നുവന്നിരിക്കുന്നത്. ചുരുക്കം ചില പെൺകുട്ടികളും വീട്ടിലെ മുതിർന്നവരുടെ കാർഡിൽ തൊഴിൽ ചെയ്യാനായി എത്തിയിട്ടുണ്ട്.
കെ. പ്രദീപൻ പ്രോജക്ട് കോ-ഓർഡിനേറ്റർ, ദേശീയ തൊഴിലുറപ്പ് പദ്ധതി
തൊഴിലിനെത്തുന്നവരുടെ എണ്ണം കോവിഡ് പകുതിയാക്കി
കോവിഡ് തൊഴിലുറപ്പ് മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മുമ്പ് 49,000 തൊഴിലാളികൾ തൊഴിലിനെത്തിയിരുന്നു. പക്ഷേ, ഇന്ന് കോവിഡ് ഭീതിയും നിയന്ത്രണങ്ങളും നിമിത്തം തൊഴിലാളികളുടെ എണ്ണം 24,000 മായി ചുരുങ്ങി.
പലയിടത്തും നിയന്ത്രണം നിലനിൽക്കുന്നതിനാൽ ആളുകൾക്ക് തൊഴിലിടങ്ങളിലേക്കെത്തിപ്പെടാനും പറ്റാത്ത സ്ഥിതിയിലാണ്.
മുൻകാലത്തെതിന് വ്യത്യസ്തമായി കൂടുതൽ ആസ്ഥിവികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
അതിനാൽ തൊഴിലുറപ്പ് പദ്ധതിയോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറിയെന്നും നിരവധിയാളുകൾ പദ്ധതിയിലേക്ക് കടന്നുവരുന്നുണ്ടെന്നും ഈ വർഷം ഇതുവരെയായി 11000 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചുവെന്നും അധികൃതർ അഭിപ്രായപ്പെട്ടു.