കാസർകോട് : കോവിഡ് ചികിത്സയ്ക്കിടെ തെക്കിൽ ടാറ്റ ആസ്പത്രിയിൽ മരിച്ച നിരാശ്രയനായ തമിഴ്നാട് സ്വദേശി സ്വാമി നിസൻഗാനന്ദ ഗിരിയുടെ മൃതദേഹം മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റെടുത്ത് സംസ്കരിച്ചു.

വഴിയരികിൽ അവശനിലയിൽ കാണപ്പെട്ട ഇദ്ദേഹത്തെ ഏപ്രിൽ 26-നാണ് ജനറൽ ആസ്പത്രിയിൽ എത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടാറ്റ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ചാണ് മരണപ്പെട്ടത്. ബന്ധുക്കളോ ഇദ്ദേഹത്തെ അറിയുന്നവരോ ആരും ഇല്ലായിരുന്നു. പോക്കറ്റിലുണ്ടായിരുന്ന ആധാർ കാർഡിൽനിന്നാണ് പേര് മനസ്സിലാക്കിയത്. ഒരാഴ്ചയായി കാസർകോട് ഗവ. ജനറൽ ആസ്പത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്വേഷിച്ച് ആരും വരാത്തതിനാലാണ് പോലീസ് മൃതദേഹം സംസ്കരിക്കുന്നതിന് നഗരസഭാ അധികൃതർക്ക് കൈമാറിയത്.

ജനറൽ ആസ്പത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മധു, വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ മുസ്‌ലിം, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് അഷ്റഫ്, എടനീർ നഗരസഭാ കൗൺസിലർ സഹീർ ആസിഫ്, യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വൊളന്റിയർമാരായ ഖലീൽ ഷെയ്ഖ്, ബഷീർ കടവത്ത്, റിഷാദ് പള്ളം എന്നിവർ ചേർന്നാണ് നഗരസഭയുടെ കീഴിലുള്ള നുള്ളിപ്പാടിയിലെ ശ്മശാനത്തിൽ സംസ്കരിച്ചത്.