പാണ്ടി : 'ഓപ്പറേഷൻ ഗജ'യിലൂടെ കർണാടക വനത്തിലെത്തിച്ചശേഷം തിരിച്ചുവന്ന ആനക്കൂട്ടത്തെ രണ്ടാംഘട്ട ഓപ്പറേഷനിലൂടെ സംയുക്തസേന സംസ്ഥാനാതിർത്തിക്ക് സമീപം എത്തിച്ചിരിക്കുകയാണ്. ചുരുക്കം ദിവസങ്ങൾക്കുള്ളിൽ തന്നെ അതിർത്തി കടത്താനാവുമെന്നാണ് വനപാലകർ കരുതുന്നത്.

വനം വകുപ്പിന്റെ കാറഡുക്ക സെക്ഷൻ, ബന്തടുക്ക സെക്ഷൻ സേനാംഗങ്ങളും ദ്രുതകർമ സേനാംഗങ്ങളുമടക്കം 35 പേരാണ് ആന തുരത്തൽ ദൗത്യത്തിന് പിറകിലുള്ളത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ് ജോർജിന്റെ നേതൃത്വത്തിലാണ് ദൗത്യം. രണ്ട് കൂട്ടമായി തിരിച്ചുവന്ന ആനകളെ ഒറ്റക്കൂട്ടമായി മാറ്റാനും മുളിയാർ വനത്തിൽനിന്ന്‌ പാണ്ടിക്ക് സമീപത്തെ അർത്ത്യ, ചൂരലടി ഭാഗത്തേക്ക് എത്തിക്കാനും ദൗത്യസേനയ്ക്കായി. 12 എണ്ണമാണ് ഇപ്പോൾ കൂട്ടത്തിലുള്ളത്. ആനക്കൂട്ടം അക്രമാസക്തമാകുന്നതുകൊണ്ട് ഉദ്ദേശിച്ച വേഗത്തിൽ ഇവയെ തുരത്താനാവുന്നില്ലെന്ന് വനപാലകർ പറയുന്നു.

സോളാർവേലി, കിടങ്ങ് നിർമാണം അവസാനഘട്ടത്തിൽ

ആനക്കൂട്ടത്തെ അതിർത്തി കടത്തിയാൽ അവ ഇനി തിരിച്ചുവരില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പുലിപ്പറമ്പിൽ സോളാർവേലി നിർമാണവും വെള്ളരിക്കയമുതൽ തീർഥക്കരവരെയുള്ള കിടങ്ങ് നിർമാണവും അവസാനഘട്ടത്തിലാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപിച്ച ആനമതിൽ കൂടി വരുന്നതോടെ ആനശല്യം ശാശ്വതമായി പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് കർഷകർ.പിടികൊടുക്കാതെ ഒറ്റക്കൊമ്പൻ