മരിച്ചവരുടെ കുടുംബത്തിന് ആറുലക്ഷം രൂപ നൽകി
മംഗളൂരു : മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒരാളെ ഇനിയും കണ്ടെത്താനായില്ല. ആറുപേരെ കാണാതായതിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന മുഹമ്മദ് അൻസാറിനെ(31)യാണ് ഇനിയും കണ്ടെത്താനാവാത്തത്.
പാണ്ഡുരംഗ സുവർണ (58), പ്രീതം സുവർണ (28), സിയാലുള്ള (36), മുഹമ്മദ് ഹുസൈനാർ (28), ചിന്തൻ (21) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റ് 16 മീൻപിടിത്തക്കാർ രക്ഷപ്പെട്ടിരുന്നു.
അപകടത്തിൽ മരിച്ച അഞ്ചു പേരുടെയും കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ആറുലക്ഷം രൂപ അടിയന്തര സഹായധനം ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി കുടുംബാംഗങ്ങൾക്ക് വ്യാഴാഴ്ച കൈമാറി. ആഴക്കടലിൽനിന്ന് നിറയെ മീൻപിടിച്ച് മടങ്ങുകയായിരുന്ന ശ്രീരക്ഷ എന്ന ബോട്ടാണ് ചൊവ്വാഴ്ച പുലർച്ചെ ഉള്ളാൾ പ്രദേശത്തിനരികെ അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്.
ബോളാറിലെ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണിത്. നിറയെ മീനുമായി മടങ്ങുകയായിരുന്ന ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് നിയന്ത്രണം വിട്ട് മുങ്ങുകയായിരുന്നു.