കാസർകോട് : ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടർമാർക്കിടയിൽ മതസ്പർധ വളർത്തുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചാരണം നടത്തിയ ഒൻപത് പേർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു അറിയിച്ചു.
മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോഡ് ചെയ്ത് ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ച പഞ്ചായത്തിലെ 16-ാം വാർഡിലെ സ്ഥാനാർഥിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് വിശദമായ റിപ്പോർട്ട് നൽകാനും പരാതി നിയമനടപടിക്കായി പോലീസിന് കൈമാറാനും തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയോഗത്തിൽ കളക്ടർ അധ്യക്ഷനായി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജയ്സൺ മാത്യു, ജില്ലാ പോലീസ് മേധാവി ഡി.ശില്പ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.കെ.രാമേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ എന്നിവർ സംസാരിച്ചു.