കാനത്തൂർ : ഇലകളിൽ കരവിരുതുകൊണ്ട് വിസ്മയം സൃഷ്ടിച്ച കാനത്തൂരിലെ പി.ടി.മഹേഷിന് ഏഷ്യ ബുക്ക്‌ ഓഫ് റെക്കോഡ്സിന്റെ അംഗീകാരം. ബദാംമരത്തിന്റെ ഇലകളിലാണ് 24-കാരനായ മഹേഷിന്റെ കലാരൂപങ്ങൾ വിരിഞ്ഞത്. ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോഡ്സിൽ ഇടംനേടി രണ്ടു ദിവസം കഴിയുമ്പോഴാണ് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോഡ്സിലും ഇടംനേടിയ അറിയിപ്പ് ലഭിക്കുന്നത്. അടച്ചിടൽകാലത്തെ വിരസതയൊഴിവാക്കാൻ പ്ലാസ്റ്റിക് ബോട്ടിലുകളിൽ പേരെഴുതി തമാശയായി തുടങ്ങിയതാണ്. വീട്ടുകാരും കൂട്ടുകാരും പ്രോത്സാഹിപ്പിച്ചപ്പോൾ ഗൗരവമായെടുത്തു.

പിന്നീട്, വീട്ടുമുറ്റത്തെ ബദാംമരത്തിന്റെ ഇലകൾ ഓരോന്നായി കമനീയമായ കലാരൂപങ്ങളാക്കി മാറ്റി. ലോകനേതാക്കൾ, സിനിമാതാരങ്ങൾ, ഗായകർ, സംഗീതജ്ഞർ, രാഷ്ടീയ നേതാക്കൾ, ലോകാത്ഭുതങ്ങൾ, പൈതൃകകേന്ദ്രങ്ങൾ തുടങ്ങി ജീവൻതുടിക്കുന്ന ചിത്രങ്ങൾ പച്ചിലയിൽ പിറവിയെടുത്തു. ചിത്രങ്ങൾ കണ്ട കാനത്തൂരിലെ നന്ദന ചന്ദ്രനാണ് മഹേഷിനോട് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോഡ്സ് എന്നിവയെക്കുറിച്ച് പറഞ്ഞത്.

ഉടൻതന്നെ, ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു. മഹേഷിന്റെ നിർമിതികൾ ഓൺലൈനായി സമർപ്പിച്ചു. കൂടാതെ, വിദഗ്ധസമിതിക്ക് മുന്നിൽ ഓൺലൈനായി തത്സമയം ഇലയിൽ ചെയ്തുകാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്ത്യയിലെ 27 ലോകപ്രശസ്ത പൈതൃക കേന്ദ്രങ്ങളാണ് മഹേഷ് ഇലയിൽ തീർത്തത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ മഹേഷ് തുടർപഠനത്തിനായി തയ്യാറെടുക്കുകയാണ്. കാനത്തൂരിലെ ടി.നാരായണൻ, എം.ഓമന ദമ്പതിമാരുടെ മകനാണ്. നയനാദേവി, രജിന എന്നിവർ സഹോദരങ്ങളാണ്.