കാസർകോട് : തിങ്കളാഴ്ച വൈകിട്ട് കാസർകോട് നഗരത്തിൽ ഒരുസംഘം നടത്തിയ ആക്രമണത്തിൽ കാസർകോട് ടൗൺ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കാസർകോട് പുളിക്കൂറിലെ ആഷിഫി (40)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് തായലങ്ങാടി ട്രാഫിക് ജങ്ഷന് സമീപത്ത് അക്രമമുണ്ടായത്. അക്രമത്തിൽ കാസർകോട് സ്വദേശികളായ ഇല്യാസ് (28), സഹോദരൻ താജുദ്ദീൻ (31) എന്നിവർക്ക്‌ പരിക്കേറ്റു. തളങ്കര ഭാഗത്തുനിന്ന് കാറിലെത്തിയ താജുദ്ദീനെ മറ്റൊരു കാറിലെത്തിയ നാലുപേരടങ്ങുന്ന സംഘം പിന്തുടർന്നെത്തിയാണ് അക്രമം നടത്തിയത്.

ചുറ്റികകൊണ്ട് ഇദ്ദേഹത്തെ തലയ്ക്കടിച്ച് വീഴ്ത്താൻ ശ്രമിച്ചെങ്കിലും അക്രമം ഭയന്ന് ആദ്യം തായലങ്ങാടിയിലെ ട്രാഫിക് പോലീസിന്റെ പോസ്റ്റിലും തുടർന്ന് സഹോദരൻ ഇല്യാസിന്റെ ഇളനീർ ജ്യൂസ് കടയിലേക്കും ഓടിക്കയറുകയായിരുന്നു. ഇതിനിടിയിൽ ഇദ്ദേഹത്തിന്റെ തലയ്ക്ക് കത്തികൊണ്ടുള്ള കുത്തേറ്റിരുന്നു. അക്രമിസംഘത്തിൽനിന്ന് സഹോദരനെ രക്ഷിക്കാൻ ശ്രമിച്ച ഇല്യാസിനും ഇവരുടെ കത്തികൊണ്ടുള്ള അക്രമത്തിൽ പരിക്കേറ്റു.

പരിക്ക് ഗുരുതരമല്ലെന്നും ഇരുവരെയും മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അക്രമത്തിനു പിന്നിലെ കാരണം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണെന്നാണ് പ്രാഥമിക വിവരം. സംഘത്തിലെ മറ്റുള്ളവരെ കൂടി അറസ്റ്റുചെയ്താൽ മാത്രമേ കൃത്യമായ കാരണം പറയാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.