പാലക്കുന്ന് : കഴകം ഭഗവതിക്ഷേത്രത്തിലെ ഭരണി ഉത്സവം ഇത്തവണ ആഘോഷമില്ലാതെ നടത്താൻ തീരുമാനിച്ചു. കുംഭത്തിലെ പഞ്ചമിക്ക് തൃക്കണ്ണാട് കൊടിയേറുന്നതനുസരിച്ചാണ് പാലക്കുന്ന് ഭരണി ഉത്സവത്തിന്റെ തീയതികൾ തീരുമാനിക്കുക. വെള്ളിയാഴ്ച ഭരണി ഉത്സവത്തിന് കുലകൊത്തും. ഒൻപതിന് തൃക്കണ്ണാട് കൊടിയിറങ്ങുന്നതോടെ അവിടെനിന്ന് കമ്പയും കയറും ഏറ്റുവാങ്ങി 10-ന് രാത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാലക്കുന്നിൽ കൊടിയേറും. ആയിരത്തിരി ഉത്സവദിവസമായ 13-ന് രണ്ട് കാഴ്ചസമർപ്പണങ്ങൾ മാത്രമുണ്ടാകും. മറ്റുള്ളവ ഒഴിവാക്കി. 63-ഉം 48-ഉം വർഷങ്ങൾ തുടർച്ചയായി സമർപ്പണം നടത്തുന്ന പള്ളിക്കര തണ്ണിർപുഴ, ഉദുമ പടിഞ്ഞാർക്കര പ്രദേശങ്ങളിൽനിന്നുള്ള കാഴ്ചകൾക്കാണ് അനുവാദം നൽകിയിരിക്കുന്നത്. ആഘോഷപരിപാടികൾ ഒഴിവാക്കി വേണം തിരുമുൽക്കാഴ്ചകൾ ക്ഷേത്രത്തിൽ എത്തേണ്ടത്. ഉത്സവത്തിന്റെ പ്രധാന ആകർഷണമായ ആയിരത്തിരിനാളിലെ പ്രദർശനങ്ങളും വിനോദപരിപാടികളും അന്നദാനവും ഉണ്ടാകില്ല. നിയന്ത്രണങ്ങൾക്ക് വിധേയമായി ഭക്തർക്ക് തുലാഭാരത്തിനുള്ള സൗകര്യം ഉണ്ടാകും.