കാസർകോട് : കുഴൽവെച്ച് പരിശോധിക്കാനും മരുന്ന് കുറിക്കാനും മാത്രമല്ല, വിശക്കുന്ന വയറുകൾക്ക് അന്നമൂട്ടാനും അവർ മുന്നിലുണ്ട്. കാസർകോട് ജനറൽ ആസ്പത്രിയിലെ ഡോക്ടർമാരാണ് രോഗികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഐ.എം.എ. കാസർകോട് ശാഖയുടെ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് സ്വർണമഹോത്സവ അന്നദാനപരിപാടി എന്ന പേരിൽ സൗജന്യ ഭക്ഷണം വിതരണം നടത്തുന്നത്.

2022 സെപ്റ്റംബർ വരെ ആഴ്ചയിൽ ഒരു ദിവസം സൗജന്യ ഉച്ചഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എം.എ. കാസർകോട് ശാഖാ ഭാരവാഹികൾ അറിയിച്ചു. ഓരോദിവസവും ഓരോ അംഗത്തിന്റെ ചെലവിലായിരിക്കും ഭക്ഷണം നൽകുക. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച കാസർകോട് നഗരസഭാ അധ്യക്ഷൻ വി.എം.മുനീർ നിർവഹിച്ചു. പാവപ്പെട്ട രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന ഈ പ്രവൃത്തിക്ക് തന്നെയും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മാതാവിന്റെ ഓർമദിനമായ ഓഗസ്റ്റ് ഒന്നിനാണ് തന്റെ വക ഭക്ഷണം നൽകുകയെന്നാണ് അദ്ദേഹം പറഞ്ഞത്. അംഗങ്ങളുടെ ചെലവിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ അഭ്യർഥനയും പരിഗണിക്കുമെന്നും ഐ.എം.എ. ഭാരവാഹികൾ പറഞ്ഞു. ആദ്യദിനം ഡോക്ടർ ദമ്പതിമാരായ ഡോ. സത്യനാഥ് കളനാട്, ഗീതാ സത്യനാഥ് എന്നിവരാണ് ഭക്ഷണ വിതരണത്തിന്റെ ചെലവ് വഹിച്ചത്. ഐ.എം.എ. ശാഖാ പ്രസിഡന്റ് ഡോ. ബി.നാരായണ നായക് അധ്യക്ഷനായിരുന്നു. ജനറൽ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം, ഡോ. കെ.എം.വെങ്കിടഗിരി, ഡോ. എം.ജമാലുദീൻ, ഡോ. എ.വി.ഭരതൻ, ഖാലിദ് പച്ചക്കാട് എന്നിവർ സംസാരിച്ചു.