കാഞ്ഞങ്ങാട് : വീടുകളിൽ കഴിയുന്നവരെയും നിരീക്ഷണത്തിലുള്ളവരെയും കൂടുതൽ ശ്രദ്ധിക്കണമെന്ന് കേന്ദ്ര സംഘം.

ഏതെങ്കിലും പ്രദേശത്ത് കോവിഡ് വ്യാപനമുണ്ടെന്നു കണ്ടാൽ അടുത്ത വീടുകളിലുള്ളവരെയും നിരീക്ഷണത്തിലാക്കണമെന്നും കേന്ദ്ര ആരോഗ്യ ഉദ്യോഗസ്ഥർ ജില്ലയിലെ ആരോഗ്യമേധാവികളോട് നിർദേശിച്ചു.

നാമറിയാതെ വൈറസ് വാഹകരാകുന്നുണ്ട്. അതൊഴിവാക്കാൻ അത്തരം ബോധവത്‌കരണം ജനങ്ങൾക്ക്‌ നൽകാൻ ആരോഗ്യപ്രവർത്തകർക്ക്‌ കഴിയണമെന്നും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ഡി.എം. സെൽ മുൻ ഡെപ്യൂട്ടി ഡയരക്ടർ ജനറൽ ഡോ. പി.രവീന്ദ്രൻ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഡീഷണൽ ഡയരക്ടർ ഡോ. കെ.രഘു എന്നിവർ പറഞ്ഞു.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലിയരുത്താനെത്തിയ ഇവർ കളക്ടർ, ജില്ലയിലെ ആരോഗ്യവകുപ്പ് മേധാവികൾ, നോഡൽ ഓഫീസർമാർ എന്നിവരുമായും വിവിധ സ്ഥലങ്ങളിലെത്തി കോവിഡ് ബാധിതരോടും സംസാരിച്ചു. വീട്ടിൽ ചികിത്സയിൽ കഴിയുന്നവരിൽ രോഗതീവ്രത കൂടുതലെന്നു കണ്ടാൽ ഉടൻ ആസ്പത്രിയിലേക്ക്‌ മാറ്റാൻ കേന്ദ്രസംഘം നിർദേശം നൽകി. വീട്ടു ചികിത്സ അത്രയധികം പ്രോത്സാഹിപ്പിക്കേണ്ടെന്ന സൂചനയാണ് കേന്ദ്ര സംഘം നൽകിയത്. കൂടുതൽ പേർക്ക് രോഗം പകരാനിടയാക്കുന്നതാണ് വീട്ടുചികിത്സ. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മുറിയിൽനിന്ന്‌ പുറത്തിറങ്ങാത്ത രീതിയിൽ കഴിയണമെന്നും സംഘം നിർദേശിച്ചു.

ഒരാൾ രോഗബാധിതനാവുന്നതിന് രണ്ടുദിവസം മുൻപുതന്നെ വൈറസ് പരത്തും. അതിനാൽ സമ്പർക്കപട്ടികയുണ്ടാക്കി ആ രീതിയിലും ആളുകളുടെ സാമ്പിൾ പരിശോധന നടത്തണം-കേന്ദ്ര ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ സംഘം അജാനൂർ, പുല്ലൂർ പെരിയ ഗ്രാമപ്പഞ്ചായത്തുകളിലെത്തി കോവിഡ് ബാധിതരെ കണ്ടു. അജാനൂർ പഞ്ചായത്തിലെ പുതിയകണ്ടം പ്രദേശത്ത് രണ്ടു വീടുകളിലും പുല്ലൂർ തട്ടുമ്മലിലെ കോവിഡ് ബാധിതയായ ആരോഗ്യ പ്രവർത്തകയുടെ വീട്ടിലുമാണ് എത്തിയത്. കോവിഡ് ബാധിതർ വീട്ടു വരാന്തയിലും സംഘം മുറ്റത്തുംനിന്നാണ് സംസാരിച്ചത്. ആരോഗ്യപ്രവർത്തകർ ഇടയ്ക്കിടെ വിളിക്കുന്നുണ്ടെന്നും പൾസ് ഓക്സിമീറ്റർ കൈയിലുണ്ടെന്നും ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി രോഗികൾ പറഞ്ഞു.

പേർക്ക് കോവിഡ്

കാഞ്ഞങ്ങാട് : ജില്ലയിൽ 703 പേർക്കുകൂടി കോവിഡ്. 11.8 ആണ് രോഗസ്ഥിരീകരണ നിരക്ക്. ചികിത്സയിലുണ്ടായിരുന്ന 668 പേർക്ക്‌ നെഗറ്റീവായി. 6910 പേർ ചികിത്സയിലും 27090 പേർ നിരീക്ഷണത്തിലും കഴിയുന്നു. 8544 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 1800 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 108764 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 100987 പേരും രോഗമുക്തരായി.

പെരുമാറ്റച്ചട്ട ലംഘനം 130 കേസെടുത്തു

കാസർകോട് : കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച 130 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 160 പേരെ അറസ്റ്റ് ചെയ്യുകയും 333 വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മുഖാവരണം ധരിക്കാത്തതിന് 1807 പേർക്കെതിരേയും പോലീസ് കേസെടുത്ത് പിഴ ഈടാക്കി.