കാസർകോട് : വാക്‌സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട് മംഗൽപാടി താലൂക്ക് ആസ്പത്രിയിലുണ്ടായ സംഘർഷത്തിൽ മഞ്ചേശ്വരം പോലീസ് കള്ളക്കേസാണെടുത്തതെന്ന് പട്ടികജാതി, പട്ടികവർഗ സംരക്ഷണ സമിതി ആരോപിച്ചു.

എസ്.സി., എസ്.ടി. വിഭാഗക്കാർക്കുള്ള പ്രത്യേക വാക്‌സിനേഷൻ ക്യാമ്പിൽ രാഷ്ട്രീയനേതാക്കളുടെ ഇടപെടലിൽ മറ്റുള്ളവർ വാക്‌സിനെടുത്തു. ഈ വിഷയം ആസ്പത്രി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മംഗൽപാടി പഞ്ചായത്തംഗം ബാബു ബന്തിയോടിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചു. തുടർന്നുണ്ടായ സംസാരത്തിനിടെ പോലീസെത്തി ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്നും നേതാക്കൾ ആരോപിച്ചു.

സംഭവത്തെ തുടർന്ന് 30 പേർക്കെതിരേയുള്ള കേസ് പിൻവലിക്കുക, ജാതിപ്പേര് പറഞ്ഞ് അപമാനിച്ച സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യുക, ലാത്തിച്ചാർജ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ നേതാക്കൾ ഉന്നയിച്ചു. കേസ് പുനരന്വേഷിച്ച് നീതി ലഭ്യമാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ രാമപ്പ മഞ്ചേശ്വരം, വസന്ത് ആരിക്കാടി, സഞ്ചീവ പുളിക്കൂർ, ഉദയ ബെഡ്‌റട്ക, രഘുരാമ കുമ്പള, ഹരിരാമ കുളൂർ എന്നിവർ പങ്കെടുത്തു.