ബദിയടുക്ക : കുമ്പഡാജെ പഞ്ചായത്ത് രണ്ടാംവാർഡ് കണ്ടത്തോടിയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ നാരായണ മുഖാരി(53)യെ നാട്ടുകാരും ബദിയടുക്ക ജനമൈത്രി പോലീസും ചേർന്ന് പാക്കം ചെർക്കപ്പാറയിലെ മരിയ വൃദ്ധസദനത്തിലാക്കി.

പ്രധാന നിരത്തിൽനിന്ന്‌ അരക്കിലോമീറ്ററോളം അകലെ കാടിനുള്ളിലെ തകർന്നുവീഴാറായ വീട്ടിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ദിവസങ്ങളായി പുറത്തുകാണാഞ്ഞതിനെത്തുടർന്ന് പ്രദേശത്തെ രമേശൻ തിരഞ്ഞുചെന്നതോടെയാണ് ദയനീയസ്ഥിതി പുറംലോകമറിഞ്ഞത്. നാലു ദിവസത്തോളമായി ഭക്ഷണമൊന്നും കഴിക്കാതെ അവശനിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ബദിയടുക്ക ജനമൈത്രി പോലീസ് ഓഫീസർമാരായ അനൂപും മഹേഷും ചേർന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. തുടർന്ന് പത്തുദിവസത്തോളം നാട്ടുകാരായ താരാനാഥ് റായ്, സുരേഷ്, സുജി, സന്തു, ശെൽവ, രവിരാജ് എന്നിവരുടെ സംരക്ഷണയിൽ താമസിച്ച ശേഷം പോലീസ് സഹായത്തോടെ വൃദ്ധസദനത്തിലാക്കുകയായിരുന്നു.