കാസർകോട് : കുമ്പളയിൽനിന്ന് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലേക്ക് ജീപ്പിൽ കടത്തുകയായിരുന്ന 2.400 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ കാസർകോട് ടൗൺ പോലീസ് അറസ്റ്റുചെയ്തു. മട്ടന്നൂർ ഇല്ലം മൂല സ്വദേശി കെ.മഹ്റൂഫ് (32), മട്ടന്നൂർ പഴശ്ശി വായന്തോടിലെ സി.റനീസ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രിയിൽ ദേശീയപാതയിൽ കറന്തക്കാട് ജങ്‌ഷനുസമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് അമിതവേഗതിയിലെത്തിയ ജീപ്പ് പോലീസ് കൈകാട്ടി നിർത്തി പരിശോധിച്ചത്.
ജീപ്പിന്റെ പിറകുവശത്തെ സീറ്റിനടിയിൽ കെട്ടുകളാക്കിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മട്ടന്നൂരിലെ ഒരാൾക്ക് കൈമാറാനുള്ളതാണ് കഞ്ചാവെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ കാസർകോട് പ്രത്യേക സബ് ജയിലിൽ റിമാൻഡ് ചെയ്തു. കഞ്ചാവ് കണ്ടെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു.