പൊയിനാച്ചി: എം.എൽ.എ.യായി ഉദുമയിലാരും 25 വർഷം പൂർത്തിയാക്കിയിട്ടില്ലെങ്കിലും 'എം.എൽ.എ. പപ്പൻ മാഷ്' കർമപഥത്തിൽ രജതജൂബിലി നിറവിലാണിപ്പോൾ. തോളിലൊരു ബാഗും തൂക്കി ഇടതുകൈ മുണ്ടറ്റത്തിൽ പിടിച്ച് വടക്കുനിന്ന് അനന്തപുരിയിലേക്കും തിരിച്ചും ഇദ്ദേഹത്തിന്റെ യാത്രകളിലൂടെ അഴിഞ്ഞത് പതിനായിരക്കണക്കിന് ചുവപ്പുനാടകളാണ്‌.

കണ്ണൂർ തളിപ്പറമ്പ് നടുവിൽ സ്വദേശിയായ എൻ.വി. പദ്മനാഭൻ എന്ന ഉദുമ എം.എൽ.എ.യുടെ പേഴ്സണൽ അസിസ്റ്റൻറിനെ അറിയാത്തവർ ചുരുങ്ങും. ഉദുമയുടെ ആവലാതികൾ പരിഹരിക്കാനുള്ള കടലാസുകെട്ടുമായി സെക്രട്ടറിയേറ്റിലും മന്ത്രിമന്ദിരങ്ങളിലും കളക്ടറേറ്റിലും എത്തുന്ന ഈ അന്പത്തിരണ്ടുകാരൻ എല്ലാവർക്കും സുപരിചിതനാണ്.

ഇരുപതാം വയസ്സിൽ, 1987 ഡിസംബർ രണ്ടിന് മുന്നാട് എ.യു.പി. സ്കൂളിൽ അധ്യാപകനായി എത്തിയതോടെയാണ് പദ്മനാഭന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അധ്യാപക സംഘടനാരംഗത്തും സാംസ്കാരിക പ്രവർത്തനത്തിലുമുള്ള ഇദ്ദേഹത്തിന്റെ പാടവം അന്നത്തെ ഉദുമ എം.എൽ.എ. ആയിരുന്ന പി. രാഘവന്റെ 'നോട്ടപ്പുള്ളിയാക്കി'. എം.എൽ.എ.മാർക്ക് പി.എ. ഇല്ലാത്ത കാലമായിരുന്നു അത്. ഇതിനിടെ പദ്മനാഭൻ പി.എസ്.സി. നിയമനം ലഭിച്ച് കല്ലളിയിലെ കൊളത്തൂർ ഗവ. എൽ.പി. സ്കൂളിൽ ചേർന്നു. 1996-ൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു സർക്കാർ ജീവനക്കാരന്റെ സേവനം എം.എൽ.എ.മാർക്ക് വിട്ടുനൽകാൻ തീരുമാനമായപ്പോൾ പി. രാഘവൻ തിരഞ്ഞെടുത്തത് പദ്മനാഭനെയാണ്. 1996 സെപ്റ്റംബർ 26 മുതൽ അങ്ങനെ പദ്മനാഭൻ ഉദുമ എം.എൽ.എ.യുടെ നിഴലായി.  എൻ.വി. പദ്മനാഭൻ സന്തതസഹചാരിയായ ബാഗും തൂക്കി യാത്രയ്ക്കിടയിൽ