കാഞ്ഞങ്ങാട് : സംഘപരിവാർ പ്രവർത്തകർക്കുനേരേ കമ്യൂണിസ്റ്റുകാർ അക്രമം അഴിച്ചുവിടുമ്പോൾ സംസ്ഥാന പോലീസ് കാഴ്ചക്കാരായി മാറുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു പറഞ്ഞു. കെ.ടി. ജയകൃഷ്ണൻ ബലിദാനദിനത്തിൽ യുവമോർച്ച ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട്‌ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘപരിവാർ പ്രവർത്തകരുടെ സംയമനത്തെ ദൗർബല്യമായി കാണരുതെന്നും സി.പി.എം. പ്രവർത്തകർ കൊല്ലപ്പെട്ട കേരളത്തിലെ പല സംഭവങ്ങൾക്ക് പിന്നിലും അവരുടെതന്നെ പ്രവർത്തകരാണെന്ന് പിന്നീട് തെളിഞ്ഞതായി പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സാഗർ ചാത്തമത്ത്, എൻ. ജിതേഷ് എന്നിവർ സംസാരിച്ചു.

സമ്മേളനത്തിന് മുന്നോടിയായി നോർത്ത് കോട്ടച്ചേരിയിൽനിന്ന്‌ ആരംഭിച്ച റാലി അലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് സമാപിച്ചു.