കാഞ്ഞങ്ങാട് : കോവിഡ് പ്രതിരോധപ്രവർത്തനം വിലയിരുത്താനെത്തുന്ന കേന്ദ്രസംഘത്തിന്റെ ശ്രദ്ധയിലേക്ക് കാസർകോട്ടെ ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പറയാനുള്ളതത്രയും വാക്സിന്റെ ലഭ്യതക്കുറവിനെക്കുറിച്ചാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസർകോടിനോട് ഇക്കാര്യത്തിൽ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് നാട് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.

18 വയസ്സിനുമേലുള്ളവരുടെ കണക്കെടുത്താൽ പത്തരലക്ഷം പേരുണ്ട് ജില്ലയിൽ. ഇവർക്കെല്ലാം രണ്ട്‌ ഡോസ് നൽകണമെങ്കിൽ 21 ലക്ഷം ഡോസ് വേണം. ആദ്യ തവണ കൊടുക്കാൻതന്നെ പത്തരലക്ഷം ഡോസ് കിട്ടണം. ഇതുവരെ ജില്ലയ്ക്ക് കിട്ടിയത് ഏഴുലക്ഷം ഡോസ് മാത്രം.

അഞ്ചുലക്ഷം പേർക്ക്‌ ആദ്യ കുത്തിവെപ്പും രണ്ടുലക്ഷം പേർക്ക് രണ്ടാം കുത്തിവെപ്പും നൽകി. ഇനി 13 ലക്ഷം ഡോസ് കിട്ടണം. ഓരോ ദിവസവും മരുന്ന് തീർന്നുവെന്ന റിപ്പോർട്ട് അയയ്ക്കേണ്ടിവരുന്നു ഇവിടത്തെ ആരോഗ്യവകുപ്പിന്.

കഴിഞ്ഞദിവസം കോവിഷീൽഡും കോവാക്‌സിനും പൂർണമായും തീർന്നിരുന്നു. അതിനുശേഷം 27,000 ഡോസ് കോവിഷീൽഡും 5000-ത്തോളം കോവാക്‌സിനുമെത്തി. ഞായറാഴ്ച കോവിഷീൽഡ് പൂർണമായും തീർന്നു. തിങ്കളാഴ്ച വൈകീട്ടോടെ 15,000 ഡോസ് എത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 3000 കോവാക്‌സിൻ കൈയിലുണ്ട്. അത്‌ തിങ്കളാഴ്ച തീരും. ജനസംഖ്യാനുപാതം കണക്കാക്കിയാണെങ്കിൽ ഈ ജില്ലയെക്കാൾ കുറവ് ജനസംഖ്യയുള്ള ജില്ലകളിൽ ഇവിടെക്കുള്ളതിനേക്കാൾ പ്രതിരോധമരുന്ന് നൽകുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

പേർക്ക് കോവിഡ് കാഞ്ഞങ്ങാട് : ജില്ലയിൽ 707 പേർക്കുകൂടി കോവിഡ്. 8.3 ആണ് രോഗസ്ഥിരീകരണ നരക്ക്. ചികിത്സയിലുണ്ടായിരുന്ന 758 പേർക്ക് നെഗറ്റീവായി. 6875 പേർ ചികിത്സയിലും 27,878 പേർ നിരീക്ഷണത്തിലും കഴിയുന്നു. 6702 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 2950 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 1,08,061 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1,00,319 പേരും രോഗമുക്തി നേടി.

കേന്ദ്രസംഘം ഇന്നെത്തും

കോവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ തിങ്കളാഴ്ച കേന്ദ്രസംഘം ജില്ലയിലെത്തും. ഞായറാഴ്ച കണ്ണൂർ ജില്ലയിലാണ് സംഘം സന്ദർശനം നടത്തിയത്.

തിങ്കളാഴ്ച രാവിലെ 10-ന് കണ്ണൂരിൽ നടക്കുന്ന അവലോകനയോഗത്തിനുശേഷം കാസർകോട്ടെത്തുന്ന സംഘം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശിക്കും. രോഗബാധിതർ കൂടുതലുള്ള പ്രദേശങ്ങളിലെത്തി പ്രതിരോധപ്രവർത്തനങ്ങൾ എത്രത്തോളമെന്ന് വിലയിരുത്തും. കുടുംബാരോഗ്യ ക്ഷേമമന്ത്രാലയത്തിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി. രവീന്ദ്രൻ, ദേശീയ പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിന്റെ കോഴിക്കോട് ശാഖാ അഡീഷണൽ ഡയറക്ടർ ഡോ. കെ. രഘു എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലാ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിക്കും.