മുളിയാർ : ഇത്തവണത്തെ ഓണം എങ്ങനെ മധുരമുള്ളതാക്കാമെന്നതിന്റെ ഒരുദാഹരണമാണ് പാണൂർ മരുതുമൂലയിലെ ‘മാതൃക’ കുടുംബശ്രീ പ്രവർത്തകരുടെ ശർക്കരവരട്ടി നിർമാണം. ഓണക്കിറ്റിലെ ശർക്കരവരട്ടി ഉണ്ടാക്കി നൽകിയത് മുളിയാർ പഞ്ചായത്തിലെ ഈ കുടുംബശ്രീ പ്രവർത്തകരാണ്. മൂന്നുദിവസംകൊണ്ട് രണ്ട് ക്വിന്റൽ ശർക്കരവരട്ടിയാണ് കുടുംബശ്രീ അംഗങ്ങൾ കാസർകോട് താലൂക്ക് സപ്ലൈ ഓഫീസിൽ എത്തിച്ചത്.

സി. കമലാക്ഷി, ഇ. വത്സല, എ. സരിത, എ. ജ്യോതി രാജൻ, കെ. ശാന്തിനി എന്നിവരുടെ നേതൃത്വത്തിലാണ് ശർക്കരവരട്ടി നിർമാണം. 100 ഗ്രാം പാക്ക് ആയാണ് ഓണക്കിറ്റിൽ ശർക്കരവരട്ടി ലഭിക്കുക. 100 ഗ്രാമുള്ള 2000 പാക്കറ്റുകളാണ് കൈമാറിയത്. നേരത്തെ കൂൺകൃഷിയിലും ചക്ക ഉത്പന്നങ്ങളിലും വിജയം കൈവരിച്ച മാതൃക കുടുംബശ്രീ ആദ്യമായാണ് ശർക്കരവരട്ടിയിലേക്ക് ഇറങ്ങുന്നത്.

ഇത്രയും വലിയ അളവിൽ ശർക്കരവരട്ടി ഉണ്ടാക്കിയത് ആദ്യമായാണെന്ന് ജ്യോതി രാജൻ പറഞ്ഞു. ''അതുകൊണ്ട് സംശയങ്ങൾക്ക് യൂട്യൂബിനെ ആശ്രയിച്ചു. സാധനങ്ങൾ ഇടയ്ക്കിടെ വാങ്ങേണ്ടിവന്നു. ആദ്യം കിലോയ്ക്ക് 30 രൂപയ്ക്ക് വാങ്ങിയ കായ പിന്നീട് 37, 41 രൂപ നിരക്കിലാണ് വാങ്ങിയത്‌. അത് ചെലവ് കൂട്ടി''- ജ്യോതി രാജൻ പറഞ്ഞു.

100 ഗ്രാമിന് 26 രൂപയ്ക്കാണ് ഇവരിൽനിന്ന്‌ സപ്ലൈകോ ശർക്കരവരട്ടി വാങ്ങിയത്. സപ്ലൈകോയ്ക്ക് നൽകുന്ന ശർക്കരവരട്ടി മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഏറ്റുവാങ്ങി.