ബന്തടുക്ക: നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി ഒരു വനിതാ ഡ്രൈവര്‍. ബന്തടുക്ക കക്കച്ചാലിലെ കെ.നാരായണിയാണ് മൂന്നുവര്‍ഷമായി ബന്തടുക്കയിലെ റോഡുകളില്‍ ഓട്ടോ ഓടിച്ച് ജീവിക്കുന്നത്. കുറ്റിക്കോല്‍ പഞ്ചായത്തിലെ ഏക വനിതാ ഡ്രൈവറാണിവര്‍.

ഏറെക്കാലം ജീപ്പുകള്‍ മാത്രമായിരുന്നു മലയോരത്തിന് ആശ്രയം. പിന്നീട് ഓട്ടോറിക്ഷകള്‍ വന്നു. ഈ ജോലികൊണ്ട് ഒരുകുടുംബം പോറ്റുന്നതിന്റെ സന്തുഷ്ടി നാരായണിയുടെ മുഖത്തുണ്ട്.

കൂലിപ്പണിയെടുത്ത് ജീവിതം മുന്നോട്ട് നീക്കവെയാണ് ബന്തടുക്ക പെട്രോള്‍ പമ്പില്‍ നാരായണി ജോലിക്ക് കയറിയത്. രണ്ടരവര്‍ഷം ആ ജോലി ചെയ്തു. ആസമയത്താണ് സംസ്ഥാനസര്‍ക്കാര്‍ വനിതാ ഓട്ടോ പദ്ധതി ആനുകൂല്യത്തിന് അപേഷ ക്ഷണിച്ചത്. ഇതിനായി നാരായണി അപേക്ഷിച്ചു. കാസര്‍കോട്ടെ ഒരു സ്‌കൂള്‍ സൗജന്യമായി ഡ്രൈവിങ് പഠിപ്പിച്ചു.

യാത്രക്കാരുടെയും ബന്തടുക്ക സ്റ്റാന്‍ഡിലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരുടെയും സഹകരണം വേണ്ടുവോളം ഉണ്ട്. അതുകൊണ്ടുതന്നെ ഈ ജോലിക്കിടയില്‍ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികളെയുംകൊണ്ട് രാവിലെയും വൈകീട്ടും സ്ഥിരം ഓട്ടം ഉണ്ട്. വലിയ വണ്ടി വാങ്ങണം എന്നതാണ് ആഗ്രഹം.

അച്ഛന്‍, അമ്മ, ഭര്‍ത്താവ് കെ.എം.നാരായണന്‍, മക്കള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ നവീന, നന്ദന എന്നിവരടങ്ങുന്നതാണ് കുടുംബം. ഇടവേളകളില്‍ നാട്ടിലെ പൊതുപരിപാടികളിലും സക്രിയമാണ്. പനംകുണ്ട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് അവതരിപ്പിക്കാന്‍ തിരുവാതിര പരിശീലനം നടത്തുന്നതിന്റെ തിരക്കിലാണ് ഈ വനിതാദിനത്തില്‍ നാരായണി.