ഉദുമ: പാലക്കുന്ന് പള്ളത്തിലെ കടയില്‍ നിന്ന് പാക്കറ്റ് ശീതളപാനീയത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. പരിസരത്തെ സ്‌കൂളിലെ വിദ്യാര്‍ഥി ജ്യൂസ് കുടിക്കവെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.
പതിവായി പാക്കറ്റ് ജ്യൂസ് കഴിക്കാറുള്ള കുട്ടി സ്‌ട്രോ ഇട്ട് വലിക്കുമ്പോള്‍ തടസ്സം നേരിട്ടപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് കടയിലെ ജോലിക്കാരനും ഇത് പരിശോധിച്ചു. കുട്ടിക്ക് ജ്യൂസ് കഴിച്ചതിനു ശേഷം ശാരീരിക അസ്വാസ്ഥ്യവും ഛര്‍ദിയുമുണ്ടായി.
പ്ലാസ്റ്റിക് കുപ്പിയുടെ മുകളില്‍ കവര്‍ കോട്ടിങ് ഉള്ളതിനാല്‍ സ്‌ട്രോ ഇട്ടാണ് ജ്യൂസ് കുടിക്കാറ്. കുപ്പി പൂര്‍ണമായും തുറക്കാതെ ഇവര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചു.
അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും മൂന്നു ദിവസം പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അതിനിടയില്‍ ഈ സംഭവം അറിഞ്ഞ കമ്പനി അധികൃതര്‍ സ്ഥലത്തെത്തി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെന്നും ഉപഭോക്താവിന്റെ കുടുംബം ആരോപിച്ചു. പിന്നീട് കുട്ടിയുടെ കുടുംബം കടയില്‍ നിന്ന് കുപ്പി വീട്ടിലേക്ക് കൊണ്ടുപോയി.
ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നതിങ്ങനെ: ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ ഓഫീസറാണ്. സംഭവം നടന്നത് അറിയുന്നത് വ്യാഴാഴ്ച വൈകീട്ടാണ്. വെള്ളിയാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ചു. സാമ്പിള്‍ ശേഖരിക്കാനുള്ള നടപടി തയ്യാറാക്കും വരെ സാധനം കടയില്‍ സൂക്ഷിക്കണമെന്ന് അറിയിച്ചെങ്കിലും ഉപഭോക്താവ് കുപ്പി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഔദ്യോഗികകൃത്യത്തില്‍ തടസ്സം വരുത്തിയതില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.