ഉദുമ: വടകര കിണര്‍ദുരന്ത അനുസ്മരണദിനത്തില്‍ കാസര്‍കോട്ടെ അഗ്നിരക്ഷാസേന കിണറ്റില്‍ കുടുങ്ങിയ മൂന്നുപേര്‍ക്ക് രക്ഷകരായി. മാങ്ങാട് ആര്യടുക്കം കോളനിയിലെ അരുണ്‍, വിനോദ്, ശശി എന്നിവരെയാണ് വെള്ളിയാഴ്ച രക്ഷിച്ചത്.

2002 മേയ്! 11-ന് വടകരയ്ക്കടുത്ത് വെള്ളികുളങ്ങരയില്‍ ഒരു കിണറില്‍ അഞ്ച് ആളുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതില്‍ മൂന്നുപേരെ സേന സാഹസികമായി രക്ഷപ്പെടുത്തി.

തുടര്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അഗ്നിരക്ഷാസേനയിലെ അജിത്ത്കുമാര്‍, ജാഫര്‍, രാജന്‍, നാട്ടുകാരായ പ്രകാശന്‍, ബാബു എന്നിവര്‍ മരണത്തിനുകീഴടങ്ങി. അതുകൊണ്ടുതന്നെ മേയ് 11 സേനാംഗങ്ങള്‍ക്ക് മറക്കാന്‍ പറ്റാത്തതാണ്. ഈ ഒര്‍മദിവസമാണ് ഉദുമ മാങ്ങാട്ട് മൂന്നുപേരെ രക്ഷിച്ചത്.

ഉദുമയില്‍ അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രജിത്ത് (കുട്ടാപ്പി) 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണതിനെത്തുടര്‍ന്ന് രക്ഷിക്കാനാണ് മൂവരും ഇറങ്ങിയത്. പ്രജിത്തിന്റെ ഗുരുതരാവസ്ഥ കണ്ട് മൂവരും നിസ്സഹായരായി കിണറ്റില്‍ കുടുങ്ങി. ഇതോടെയാണ് നാട്ടുകാര്‍ കാസര്‍കോട് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.

സി.വി.അശോകന്‍, കെ.എം.രവി, എന്‍.എസ്.അനൂപ്, തൈവളപ്പില്‍ രാഘവന്‍, എ.കെ.ബിനു എന്നിവരടങ്ങിയ സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.

കിണറ്റില്‍വെച്ചുതന്നെ പ്രജിത്തിന് പ്രഥമശുശ്രൂഷ നല്കി ആദ്യം കരയിലെത്തിച്ചു. പിറകെ മറ്റുള്ളവരെയും കരയിലെത്തിച്ചു. ജീവനക്കാര്‍ കൊണ്ടുവന്ന ആംബുലന്‍സില്‍ തന്നെ കാസര്‍കോട് ആസ്​പത്രിയിലെത്തിച്ചെങ്കിലും പ്രജിത്തിനെ രക്ഷിക്കാനായില്ല.

നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട കടമയ്ക്ക് മുന്നില്‍ ജീവന്‍ ബലിയര്‍പ്പിച്ച വടകരയിലെ സഹപ്രവര്‍ത്തകര്‍ക്കുള്ള പ്രണാമമായി മാറി ഇവരുടെ ഉദുമയിലെ രക്ഷാപ്രവര്‍ത്തനം.