ചെറുവത്തൂര്‍: ട്രോളിങ് നിരോധത്തെത്തുടര്‍ന്ന് നിശ്ചലമായ തീരദേശം തിങ്കളാഴ്ച മുതല്‍ സക്രിയമാകും. വലകളുമായി യന്ത്രവത്കൃത ബോട്ടുകള്‍ ഇന്ന് പ്രതീക്ഷയോടെ കടലിലേക്കിറങ്ങും.

90 ദിവസത്തേക്ക് നിരോധന കാലയളവ് നീട്ടിയേക്കുമോയെന്ന ആശങ്ക മീന്‍പിടിത്ത തൊഴിലാളികള്‍ക്കും അനുബന്ധ തൊഴില്‍മേഖലയിലും നിലനിന്നിരുന്നു. എന്നാല്‍ അത്തരമൊരു തീരുമാനമെടുക്കാത്തത് തീരമേഖലയെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ കടലില്‍പ്പോയ വള്ളങ്ങള്‍ നിറയെ ചെമ്മീനുമായാണ് തിരികെയെത്തിയത്. ഇത് ട്രോളിങ് നിരോധനത്തിനുശേഷം ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികളില്‍ പ്രതീക്ഷയേകുന്നുണ്ട്.
എന്നാല്‍ ചെറുവത്തൂര്‍ മീന്‍പിടിത്ത തുറമുഖത്ത് കഴിഞ്ഞവര്‍ഷമുണ്ടായ സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലെടുക്കുന്നതില്‍ തുറമുഖ വകുപ്പും ഫിഷറീസ് വകുപ്പും വേണ്ട ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞദിവസം തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ മീന്‍പിടിത്ത തൊഴിലാളികളുടെയും അനുബന്ധ മേഖലയിലുള്ളവരുടെയും പ്രതിനിധികള്‍, പോലീസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്തു. തുറമുഖത്തും കടലിലും സമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു.