തൃക്കരിപ്പൂര്‍: വിനോദസഞ്ചാരികളുള്‍പ്പെടെ നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി ദേശീയപതാകയുമായി പറന്നുയര്‍ന്ന പാരാഗ്ലൈഡര്‍ നിമിഷങ്ങള്‍ക്കകം തെങ്ങിന്‍കൂട്ടത്തില്‍ തകര്‍ന്നുവീണു. റിപ്പബ്ലിക്ദിനത്തില്‍ വാസ്‌ക് വലിയപറമ്പ് സംഘടിപ്പിച്ച ആകാശവിസ്മയ കാഴ്ചയിലാണ് അപകടമുണ്ടായത്. ഗ്ലൈഡര്‍ സേവ്യര്‍ ചെറുപുഴ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 500 മീറ്റര്‍ ഉയരത്തില്‍നിന്ന് മരങ്ങള്‍ക്കിടയിലേക്ക് തെന്നിമാറി നിലംപതിച്ചെങ്കിലും ആളപായം ഒഴിവായി. കടപ്പുറത്തെ തെങ്ങിന്‍തോപ്പുകള്‍ക്കിടയിലുള്ള സ്ഥലത്ത് വീണതിനാലാണ് അപകടം ഒഴിവായത്.
വീഴ്ചയ്ക്കിടയില്‍ തെങ്ങുകള്‍ക്കും കാറ്റാടിമരത്തിനും ഉടക്കിയതിനാല്‍ ഗ്ലൈഡറിന്റെ പ്രൊപ്പല്ലറുകള്‍ തകര്‍ന്നു. പറന്നുയര്‍ന്ന ഗ്ലൈഡര്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഏറെസമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടതായി കണ്ടെത്തിയത്.
അപകടത്തിനിടയില്‍ മനോധൈര്യം വീണ്ടെടുത്ത സേവ്യര്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തുകയായിരുന്നു. കടല്‍ത്തീരത്ത് ഒരുറൗണ്ട് ചുറ്റിക്കറങ്ങിയശേഷം ഗ്ലൈഡറില്‍നിന്ന് ദേശീയപതാക പറത്തി ഇദ്ദേഹം വിസ്മയംസൃഷ്ടിച്ചു.
അപകടത്തിനിടയില്‍ മനോധൈര്യം വീണ്ടെടുത്ത സേവ്യര്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തുകയായിരുന്നു. കടല്‍ത്തീരത്ത് ഒരുറൗണ്ട് ചുറ്റിക്കറങ്ങിയശേഷം ഗ്ലൈഡറില്‍നിന്ന് ദേശീയപതാക പറത്തി ഇദ്ദേഹം വിസ്മയംസൃഷ്ടിച്ചു.
ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ചെരിഞ്ഞുപോയ പതാക ആകാശത്തുവെച്ചുതന്നെ നേരെയാക്കുന്നതിനിടയില്‍ ഗ്ലൈഡറിന്റെ ശ്രദ്ധമാറി നിയന്ത്രണം തെറ്റുകയും പതാക കെട്ടിത്തൂക്കിയ ഭാരംകൂടിയ സാധനം പ്രൊപ്പല്ലറിന്റെ ഫാനില്‍ കുടുങ്ങുകയുംചെയ്തതാണ് അപകടത്തിനിടയാക്കിയത്. വൈകുന്നേരം നാലുമണിയോടെ ഏഴിമല നാവിക അക്കാദമിയിലെ ഏവിയേഷന്‍ ഓഫീസര്‍ സച്ചിന്‍ വര്‍മ ദേശീയപതാക കൈമാറിയശേഷമാണ് ഗ്ലൈഡര്‍ പറന്നുപൊങ്ങിയത്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ വലിയപറമ്പ് പാലം സൈറ്റ് മുതല്‍ ബീച്ചുവരെ എസ്.പി.സി. കേഡറ്റുകള്‍, കരാത്തെ സംഘം, കായികപ്രതിഭകള്‍ തുടങ്ങിയവര്‍ അണിനിരന്ന ജയ്ഹിന്ദ് റിപ്പബ്ലിക് ദിനറാലി നടന്നിരുന്നു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പാരാഗ്ലൈഡര്‍ പറത്തി കൈയടി നേടിയിട്ടുണ്ടെങ്കിലും ഇതുപോലൊരു അപകടം ആദ്യമായാണ് സംഭവിക്കുന്നതെന്ന് സേവ്യര്‍ ചുറുപുഴ പറയുന്നു. സേവ്യര്‍ സ്വന്തമായി രൂപകല്പനചെയ്ത ഗ്ലൈഡറാണ് വലിയപറമ്പില്‍ പറത്തിയത്. പ്രൊപ്പല്ലറും പാരാമോട്ടോറും ഉള്‍പ്പെടെ ഇതിന് 12 ലക്ഷത്തോളം രൂപ വിലവരും. പ്രൊപ്പല്ലര്‍ തകര്‍ന്നതുകാരണം അരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ആകാശവിസ്മയ കാഴ്ച വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുല്‍ജബ്ബാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വലിയപറമ്പ് ബീച്ചില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഐക്യദാര്‍ഢ്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസര്‍ പി.പി.അശോകന്‍ മാസ്റ്റര്‍ റാലിക്ക് നേതൃത്വംനല്‍കി. ബീച്ചില്‍ കുട്ടികളുടെ കരാത്തെ പ്രദര്‍ശനവും നടന്നു. അല്‍ ബദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ.സി.സുലൈമാന്‍ ഹാജി ഉപഹാരം നല്‍കി. പി.കെ.സുലൈമാന്‍, ജനറല്‍ സെക്രട്ടറി ടി.കെ.അബ്ദുല്‍സലാം, പി.കെ.സി.അബ്ദുല്ല, എം.കെ.കുഞ്ഞബ്ദുള്ള എന്നിവര്‍ നേതൃത്വംനല്‍കി.