തൃക്കരിപ്പൂര്‍: മാണിയാട്ട് ഗ്രാമത്തിലെ പ്രധാന ആരാധനാകേന്ദ്രമായ ചന്തേര തിരുനെല്ലൂര്‍ ശിവക്ഷേത്രത്തില്‍ ജനകീയപങ്കാളിത്തത്തോടെ കുളം പൂര്‍ത്തിയായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ പഴയകാല പ്രൗഢിയോടെയാണ് നിര്‍മാണം നടത്തിയത്.

1997 മുതലാണ് ക്ഷേത്രത്തില്‍ പുനരുദ്ധാരണം തുടങ്ങിയത്. 2005 മെയിലാണ് പുനഃപ്രതിഷ്ഠാ നവീകരണ ബ്രഹ്മകലശോത്സവം നടന്നത്. ഈ സമയത്ത് കുളം നിര്‍മിച്ചിരുന്നില്ല. 35 ലക്ഷത്തോളം രൂപ െചലവഴിച്ചാണ് കുളം നിര്‍മിച്ചത്. ശാസ്ത്ര വിധിപ്രകാരം മൂന്നുവര്‍ഷം കൊണ്ടായിരുന്നു നിര്‍മാണം.

ഉദിനൂര്‍ കിനാത്തിലെ കണ്ണോത്ത് ചന്ദ്രന്‍ മണിയാണിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. 27 പടികളിലുള്ള കുളം സിമന്റ് ചേര്‍ക്കാതെ വലിയ ചെങ്കല്ലിലാണ് പടുത്തുയര്‍ത്തിയത്. വളര്‍വ്, കപോതം, ഉത്തരം മേഖല തിരിച്ചുള്ള കുളത്തില്‍ ഇരുഭാഗങ്ങളിലൂടെ ഇറങ്ങി കുളിക്കുന്നതിന് സൗകര്യമുണ്ട്.

ചന്ദ്രന്‍ മണിയാണി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ക്ഷേത്രക്കുളമാണിത്. നിരവധി ക്ഷേത്രങ്ങളുടെയും മതിലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന് ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍നിന്നുമാണ് പട്ടും വളയും ലഭിച്ചിരുന്നത്.

ചന്തേര തിരുനെല്ലി കുടുംബത്തിന് അധീനതയിലുണ്ടായിരുന്ന തിരുനെല്ലൂര്‍ ക്ഷേത്രവും ഭൂമിയും 1997-ലാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സേവാസമിതിക്ക് വിട്ടുകൊടുത്തത്. തുടര്‍ന്നാണ് പുനരുദ്ധാരണ പ്രവൃത്തി തുടങ്ങിയത്. ക്ഷേത്രത്തില്‍ പണ്ട് വലിയ കുളവും കുളക്കടവുകളും ഉണ്ടായിരുന്നു. കാലപ്പഴക്കത്തില്‍ നശിച്ച കുളത്തിന്റെ കല്‍പ്പടവുകള്‍ അരനൂറ്റാണ്ടുമുന്‍പുവരെ കാണാനുണ്ടായിരുന്നു.

നേരത്തേ കുളമുണ്ടായിരുന്ന അതേ സ്ഥലത്തുതന്നെയാണ് ഇപ്പോള്‍ പുതിയ കുളം നിര്‍മിച്ചത്. നവംബര്‍ !19-ന് നടക്കുന്ന ചടങ്ങില്‍ എടനീര്‍ മഠാധിപതി കേശവാനന്തസ്വാമികള്‍ കുളം സമര്‍പ്പിക്കും. ചടങ്ങല്‍ ക്ഷേത്രം തന്ത്രി കപോതനില്ലത്ത് കുഞ്ഞിരാമന്‍ നമ്പൂതിരി സ്വാമികളെ സ്വീകരിക്കും.