തൃക്കരിപ്പൂര്‍: സമതല കാടുകള്‍ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോഴും വിശ്വാസത്തിന്റെ തീവ്രതയും കാവിനോടുള്ള സ്‌നേഹവും കൊണ്ട് നാടിന് കുളിരേകുകയാണ് ഇടയിലക്കാട് നാഗവനം. വലിപ്പം കൊണ്ടും ജൈവവൈവിധ്യം കൊണ്ടും വടക്കന്‍ കേരളത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കാവുകളിലൊന്നാണ് ഇടയിലക്കാട്.
സമുദ്രതീര സാമീപ്യം ഏറ്റവും കൂടുതലുള്ള കാവാണിത്. കവ്വായി കായലിന് നടുവിലായി 112 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തില്‍ 16 ഏക്കറോളമാണ് ഇടയിലക്കാടിന്റെ വനസമ്പത്ത്. നാഗക്കാവ്, ഭഗവതിക്കാവ് എന്നിവ തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. നാട്ടുകാരുടെ പരിസ്ഥിതി സ്‌നേഹമാണ് ഈ ഹരിതവനത്തെ നിലനിര്‍ത്തുന്നത്.
ഇരുനൂറോളം വ്യത്യസ്ത ഇനം സസ്യങ്ങള്‍ കാവില്‍ വളരുന്നുണ്ട്. നായുരുപ്പാണ് കാവിലെ പ്രധാന മരം. വെള്ള പൈല്‍, ചേര്, വങ്കണ, കാഞ്ഞിരം, ഇലിപ്പ, ഇലഞ്ഞി, കരിങ്ങോട്ട എന്നിവ പ്രധാന മരങ്ങളാണ്. ഒരിലത്താമര എന്ന അപൂര്‍വ ഔഷധസസ്യം ഇവിടെയുണ്ട്. പരമ്പരാഗത ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്ന അനവധി നാട്ടുമരുന്നുകള്‍ ഇവിടെനിന്ന് ശേഖരിക്കാറുണ്ട്.
പക്ഷിവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് കാവ്. വെള്ളവയറന്‍ കടല്‍പ്പരുന്തിന്റെ ആവാസകേന്ദ്രമാണ്. ഇവിടെ 87 ഇനം പക്ഷികളെ പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 34 ഇനം നീര്‍പക്ഷികളും 57 ഇനം കാട്ടു പക്ഷികളുമുള്ള ഇടയിലക്കാട്ടിനെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ കുരങ്ങുകളാണ്. 40-ഓളം കുരങ്ങുകള്‍ നാട്ടുകാരുമായി സൗഹൃദത്തില്‍ ഇവിടെ കഴിയുന്നു.
കുരങ്ങുകള്‍ക്ക് എന്നും ഉച്ചയ്ക്ക് ഒരമ്മ ചോറൂട്ടുന്നു. ഇടയിലകാെട്ട ചാലില്‍ മാണിക്കമാണ് വര്‍ഷങ്ങളായി കുരങ്ങുകള്‍ക്ക് ചോറുനല്കുന്നത്. കാവിലെ വാനര സമ്പത്ത് നിലനിര്‍ത്തുന്നതിനായി ഇടയിലക്കാട് നവോദയ വായനശല ബാലവേദി എല്ലാ വര്‍ഷവും തിരുവോണം കഴിഞ്ഞ് അവിട്ടം നാളില്‍ വാനരസദ്യ നടത്താറുണ്ട്. സഞ്ചാരികള്‍ ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണം കുരങ്ങുകള്‍ക്ക് നല്കണമെന്ന് ബോധവത്കരണവും നടത്തുന്നു.
കാവിനകത്ത് പ്ലാസ്റ്റിക് മലിന്യം വലിച്ചെറിയുന്നത് തടയാനും നാട്ടുകാര്‍ ജാഗരൂകരാണ്. ബാലവേദി പ്രവര്‍ത്തകര്‍ കാവിലെ മാലിന്യം നീക്കം ചെയ്യുന്നു. 1964 മുതല്‍ത്തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ കാവ് സംരക്ഷണത്തിനായി കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നാട്ടുകാരുടെ ശക്തമായ ഇടപെടലാണ് ഈ നാഗവനം മഴുവീഴാതെ നാട്ടിന്റെ പൈതൃകസമ്പത്തായി നിലനിര്‍ത്തുന്നത്.
ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ഈയിലക്കാട്ട് നൂറുക്കണക്കിന് കണ്ടല്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇടയിലക്കാട് നവോദയ വായനശാലയുടെ നേതൃത്വത്തില്‍ നിരവധി പരിസ്ഥിതി സൗഹൃദ ക്ലാസ് നടത്തിയിട്ടുണ്ട്. സീക്ക് പോലുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് ക്ലാസ്. ഇടയിലക്കാട് നാഗവനം കേന്ദ്രീകരിച്ച് വനം വകുപ്പുമായി സഹകരിച്ച് കണ്ടല്‍ച്ചെടികളുടെ നഴ്‌സറി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.