കാഞ്ഞങ്ങാട്: ഉദ്ഘാടനത്തിനുമുമ്പുതന്നെ വെള്ളൂട സോളാര്‍പാര്‍ക്ക് അഭ്രപാളികളിലെത്തുന്നു. കാസര്‍കോടന്‍ ഗ്രാമ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന യുവനടന്‍ ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായെത്തുന്ന 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയ്ക്കാണ് വെള്ളൂട സോളാര്‍പാര്‍ക്കും സമീപപ്രദേശങ്ങളും ഷൂട്ടിങ് ലൊക്കേഷനായി മാറിയിരിക്കുന്നത്.

ചൊവ്വാഴ്ച വെള്ളൂട സോളാര്‍ പാര്‍ക്കിനു സമീപത്തെ ഉച്ചവെയിലില്‍ കത്തിനില്‍ക്കുന്ന പാറപ്പുറത്തായിരുന്നു ഷൂട്ടിങ് നടന്നത്. ഷൂട്ടിങ് കാണാനും ധാരാളം നാട്ടുകാരെത്തി. സൂപ്പര്‍ഹിറ്റായി 'മാറിയ മഹേഷിന്റെ പ്രതികാരം' ഒരുക്കിയ ടീമംഗങ്ങള്‍തന്നെയാണ് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയു'ടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ദിലീഷ് പോത്തനാണ് സംവിധാനം. കഥ സജീവ് പാഴൂരിന്റെതാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഫഹദ് ഫാസിലിനു പുറമെ, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, വെട്ടുകിളി പ്രകാശ്, നിമിഷ, ലിനി എന്നിവരും കാസര്‍കോട് ജില്ലക്കാരുള്‍പ്പെയുള്ള നിരവധി പുതുമുഖങ്ങള്‍ സിനിമയിയില്‍ വേഷമിടുന്നുണ്ട്.
 
കാസര്‍കോട്ടിനടുത്ത ഷേണിയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.