പൂച്ചക്കാട്: ചിത്താരിപ്പുഴയില്‍നിന്ന് മണല്‍വാരുന്ന സംഘം വീണ്ടും സജീവമായി. പുലര്‍ച്ചെ ചെറുതോണികളിലെത്തുന്ന സംഘം പുഴയില്‍നിന്ന് മണല്‍ ശേഖരിച്ച് കുദ്രു ദീപിലേക്ക് കടക്കുന്നിടത്തുതന്നെ കൂട്ടിയിടും.
 
പിന്നീട് നൂറുകണക്കിന് ചാക്കുകളില്‍ നിറച്ച് ദീപിന് കിഴക്കുഭാഗത്തുള്ള പുഴയുടെ അക്കരയ്ക്ക് തോണിയില്‍ എത്തിക്കും. കാഞ്ഞങ്ങാട് ഇക്ബാല്‍ റോഡുവഴി ഇവിടേക്ക് ലോറിയടക്കമുള്ള വാഹനങ്ങള്‍ക്ക് എത്താന്‍ പറ്റും.

ചാക്കിലാക്കിയ മണല്‍ സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ ലക്ഷ്യസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുപോകുകയാണ് പതിവെന്ന് നാട്ടുകാര്‍ പറഞ്ഞു.
 
തോണിസൗകര്യമുള്ള പ്രദേശത്തേക്ക് പകല്‍തന്നെ ഇവര്‍ മണലെത്തിച്ചുകൊടുക്കും. വേലിയിറക്കസമയത്ത് ഈ ഭാഗത്ത് പുഴയില്‍ അരയ്‌ക്കൊപ്പംമാത്രമെ വെള്ളമുണ്ടാകൂ. മണല്‍വാരുന്നവര്‍ക്ക് ഇത് അനുകൂലഘടകമാകുന്നുണ്ട്.

പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം സ്ഥിതിചെയ്യുന്ന കുദ്രു ദീപ് മണല്‍വാരല്‍മൂലമുണ്ടാകുന്ന കരയിടിച്ചില്‍ഭീഷണി നേരിടുകയാണ്. തൊട്ടടുത്തുള്ള റെയില്‍വേ പാലത്തിനും മണല്‍വാരല്‍ ഭീഷണിയുയര്‍ത്തുന്നു.