രാജപുരം: ഭക്തിയുടെ ലഹരിയില്‍ മുങ്ങി പാണത്തൂര്‍ മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതിക്ഷേത്രം. നൂറ്റൊന്ന് ദൈവങ്ങളുടെ അനുഗ്രഹം തേടി പാണത്തൂര്‍ പുഴകടന്ന് വിശ്വാസികളുടെ ഒഴുക്കുതുടങ്ങി.
ശനിയാഴ്ച രാവിലെ മുന്നായര്‍ ഈശ്വരന്‍, കരിന്ത്രായര്‍, പുലിമാരന്‍, വേട്ടയ്‌ക്കൊരുമകന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടി. വൈകുന്നേരം വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം, പൈറ്റടിപ്പൂവന്‍ തെയ്യം എന്നിവ അരങ്ങിലെത്തി.
ആറാം കളിയാട്ടദിനമായ ഞായറാഴ്ച രാവിലെ മുന്നായര്‍ ഈശ്വരന്റെ തിറ, കാളപ്പുലിയന്‍, പുലിക്കണ്ടന്‍, വേട്ടയ്‌ക്കൊരുമകന്‍ എന്നീ തെയ്യങ്ങളും വൈകുന്നേരം വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം, തോറ്റങ്ങള്‍ എന്നിവയും വേട്ടച്ചേകോനും പുറാട്ടും അരങ്ങേറും.
തുടര്‍ന്ന് 50 കിലോമീറ്റര്‍ ദൂരം നടന്നെത്തിയ മുത്തേടത്ത് കുതിരിന്റെയും ഇളയേടത്ത് കുതിരിന്റെയും പൂക്കാര്‍ സംഘങ്ങളുടെ കലശ ചടങ്ങുകള്‍ നടക്കും.
ഏഴാം കളിയാട്ടദിനമായ 14-ന് 9.30ന് മുന്നായര്‍ ഈശ്വരന്റെ പുറപ്പാട്. രാത്രി ക്ഷേത്രപാലകന്‍, തുളുര്‍വനത്ത് ഭഗവതി എന്നീ തെയ്യങ്ങളുടെ തോറ്റം, നൂറ്റൊന്ന് ഭൂതങ്ങളുടെ കെട്ടിയാടിക്കല്‍ തുടങ്ങിയവ നടക്കും. കളിയാട്ടത്തിന്റെ അവസാന ദിനമായ 15-ന് വൈകിട്ട് 3.30ന് തുളുര്‍വനത്ത് ഭഗവതി മുടിയെടുക്കും. തുടര്‍ന്ന് നടക്കുന്ന കലശാട്ടോടെ കളിയാട്ടത്തിന് സമാപനമാകും.