രാജപുരം: കോളേജ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞു. ഇതോടെ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് തൊഴിലാളികളുടെ പ്രതിഷേധം. ബസ്സുകളുടെ സമരത്തില്‍ വലഞ്ഞത് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍.

രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജിലെ വിദ്യാര്‍ഥികളാണ് തിങ്കളാഴ്ച നാലരയോടെ കോളേജ് സ്റ്റോപ്പില്‍ ബസ് തടഞ്ഞത്. സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്നത് പതിവായതോടെയാണ് ബസ് തടഞ്ഞതെന്ന് കുട്ടികള്‍ പറയുന്നു.

എന്നാല്‍, മുന്‍പ് കടന്നുപോയ ബസ്സിന് സാങ്കേതിക തകരാറായതിനെത്തുടര്‍ന്ന് നിര്‍ത്താതെപോയതാണെന്നും കോളേജ് സ്റ്റോപ്പില്‍ ആളെ ഇറക്കി കുട്ടികളെ കയറ്റാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ഥികളെത്തി ബസ് തടയുകയായിരുന്നുവെന്നും ജീവനക്കാരും പറയുന്നു.

വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് പാണത്തൂര്‍ ഭാഗത്തുനിന്ന് വന്ന ബസ്സുകളും കോളേജ് സ്റ്റോപ്പില്‍ നിര്‍ത്തിയിടുകയായിരുന്നു.

ഇതിനിടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്നെത്തിയ സ്വകാര്യ ബസ് ജീവനക്കാരനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി ബസ് ജീവനക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് ബസ്സുകള്‍ ഓടുന്നില്ലെന്നറിയിച്ച് രാജപുരം സ്‌കൂളിലെ കുട്ടികളെയടക്കം കോളേജിനുമുന്നില്‍ ഇറക്കിവിടാന്‍ ശ്രമിച്ചത് വിദ്യാര്‍ഥികളും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിനും നേരിയ സംഘര്‍ഷത്തിനും കാരണമായി.

പിന്നിട് രാജപുരം എസ്.ഐ. ജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസ്, എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ആല്‍ബിന്‍ മാത്യു തുടങ്ങിയവര്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി.

ചൊവ്വാഴ്ച 11 മണിക്ക് പോലീസ് സ്റ്റേഷനില്‍ ഇരുവിഭാഗവുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് ലഭിച്ചശേഷം വൈകുന്നേരം ആറുമണിയോടെയാണ് ബസ്സുകള്‍ ഓടാന്‍ തുടങ്ങിയത്.

യാത്രാസൗജന്യവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും ജീവനക്കാരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്ന് ഇരുവിഭാഗവും ആവശ്യപ്പെട്ടു.