ചെറുവത്തൂര്‍: ഒരു പ്രദേശിക മാധ്യമപ്രവര്‍ത്തകന് എങ്ങനെയൊരു നല്ല സാമൂഹിക പ്രവര്‍ത്തകനാകാമെന്ന് തന്റെ ചുറ്റുപാടുകളെ ബോധ്യപ്പെടുത്തിയ മനുഷ്യസ്‌നേഹിയെയാണ് പ്രകാശന്‍ കുട്ടമത്തിന്റെ വേര്‍പാടിലൂടെ ചെറുവത്തൂരിന് നഷ്ടമായത്. മായാത്ത പുഞ്ചിരിയും സൗമ്യ സംഭാഷണവുമായി നാട്ടിന്‍പുറത്തെ സാധരണക്കാര്‍ക്കിടയില്‍ ഒരു കുഞ്ഞു ക്യാമറയുമായി സഞ്ചരിച്ച പ്രകാശന്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലം എല്ലാവരുടെയും 'പ്രകാശ'മായി മാറി.

ചൊവ്വാഴ്ച രാത്രിയില്‍ പ്രകാശന്‍ അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞനേരം മുതല്‍ ചെറുവത്തൂരിലേക്ക് അണയാത്ത ജനപ്രവാഹമായിരുന്നു.
 
നീലേശ്വരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി-നെറ്റ് പ്രദേശിക ചാനലിന്റെ റിപ്പോര്‍ട്ടറും ക്യാമറാമാനുമായ പ്രകാശന്‍ ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലെ ഏതു പരിപാടികളിലെയും സജീവ സാന്നിധ്യമായിരുന്നു.

സാമൂഹികമായി ചര്‍ച്ചചെയ്യപ്പെടുന്ന ഒട്ടേറെ വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയ പ്രകാശന് ഇത്തവണ സി.എച്ച്. അന്‍വര്‍ സ്മാരക പ്രത്യേക പുരസ്‌കാരവും ലഭിച്ചിരുന്നു.
 
മാധ്യമപ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക-സാംസ്‌കാരിക മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. സി.പി.എം. പൊന്‍മാലം വടക്ക് ബ്രാഞ്ച് അംഗം, യങ്‌മെന്‍സ് ക്ലബ്ബ് മുന്‍ സെക്രട്ടറി, സംഘാടകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

പരിയാരം മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധനയ്ക്കുശേഷം കാലിക്കടവ്, ചെറുവത്തൂര്‍, യങ്‌മെന്‍സ് ക്ലബ്ബ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനുവെച്ചു. നാടിനൊപ്പം നടന്ന കൂട്ടുകാരന്റെ ചേതനയറ്റ ശരീരം കാണാന്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു ചെറുവത്തൂര്‍ ബുധനാഴ്ച സാക്ഷ്യംവഹിച്ചത്.

പി.കരുണാകരന്‍ എം.പി., സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, മുന്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി.കമറുദ്ദീന്‍, സി.പി.ഐ. ജില്ലാ പ്രവര്‍ത്തകസമിതിയംഗം ബങ്കളം പി. കൃഷ്ണന്‍, കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, നീലേശ്വരം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ വി.ഗൗരി, പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവന്‍ മണിയറ, ടി.വി.ശ്രീധരന്‍, കെ.ശകുന്തള, വിധുബാല, എം.ടി.ജബ്ബാര്‍, പി.സി.ഫൗസിയ, ജില്ലാ പഞ്ചായത്തംഗം പി.സി.സുബൈദ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.