പൊയിനാച്ചി: ചട്ടഞ്ചാലിനടുത്ത ബെണ്ടിച്ചാല്‍, കാവുംപള്ളം ഭാഗത്ത് കുട്ടികള്‍ക്ക് തക്കാളിപ്പനി ബാധിച്ചു. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലും.
 
ബെണ്ടിച്ചാലില്‍ എട്ടുമാസവും ഒന്നരവയസ്സും ഉള്ള കുട്ടികള്‍ക്കാണ് തക്കാളിപ്പനി പിടിപ്പെട്ടത്. പനി വന്നതായിരുന്നു രോഗലക്ഷണം. താമസിയാതെ ശരീരത്തില്‍ ചുവന്ന കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. കൈകാലുകളിലും സന്ധികളിലും ഗുഹ്യഭാഗങ്ങളിലും പിന്നീടിത് പടര്‍ന്നതായി വീട്ടുകാര്‍ പറഞ്ഞു. വായില്‍ കുരുക്കളും കുമിളകളും ഉണ്ടാവുന്നത് ഭക്ഷണം കഴിക്കാന്‍ പ്രയാസം ഉണ്ടാക്കുന്നു. ബെണ്ടിച്ചാലില്‍ രോഗം പിടിപെട്ട കുട്ടികള്‍ക്ക് പുറത്തുപോക്കും ഉണ്ട്. ഒരാഴ്ച മുന്‍പാണ് രോഗലക്ഷണം കണ്ടത്.
 
കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാവുന്ന വ്യതിയാനമാണ് തക്കാളിപ്പനിക്ക് കാരണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. രണ്ടാഴ്ച കൊണ്ട് രോഗം ഭേദമാകും. ചുവന്ന പാടുകള്‍ ഉണങ്ങുന്ന സമയത്ത് കൂടുതല്‍ ചൊറിച്ചല്‍ അനുഭവപ്പെടും. വായുവിലൂടെയാണ് ഇത് പടരുന്നത്. കോക്‌സാക്കി വൈറസ് ആണ് മുഖ്യ കാരണം. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത കുട്ടികള്‍ക്ക് രോഗം എളുപ്പം പിടിപ്പെടാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
 
രോഗം പിടിപെട്ട കുട്ടികളുടെ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാവുന്നതിനാല്‍ ഇടവിട്ട് ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം. മുതിര്‍ന്നവരില്‍ ഈ രോഗം അപൂര്‍വമാണ്. എന്നാല്‍, പ്രതിരോധശേഷി കുറഞ്ഞവരില്‍ സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഈ രോഗംമൂലം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബെണ്ടിച്ചാല്‍ ഭാഗത്ത് തക്കാളിപ്പനി പിടിപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.കെ.ജനാര്‍ദനന്‍ പ്രതികരിച്ചത്.