പൊയിനാച്ചി: ദേവകി കൊലക്കേസിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. വെള്ളിയാഴ്ച വൈകീട്ട് ദേശീയപാതയിലെ ബട്ടത്തൂരില്‍നിന്ന് പെരിയാട്ടടുക്കത്തേക്കാണ് കനത്ത പോലീസ് സുരക്ഷയില്‍ പ്രകടനം നടന്നത്.

ദേവകിയുടെ ബങ്ങാട് കാട്ടിയടുക്കത്തെ വീട്ടില്‍നിന്ന് പെരിയാട്ടടുക്കത്തേക്ക് പന്തംകൊളുത്തി പ്രകടനം നടത്താനായിരുന്നു തീരുമാനം. സി.പി.എം. കോട്ടയായ കാട്ടിയടുക്കത്തുനിന്ന് പ്രകടനം നടന്നാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടായേക്കാമെന്ന സൂചന കിട്ടിയതിനാല്‍ ബേക്കല്‍ പോലീസ് ഇത് വിലക്കി ബി.ജെ.പി. പ്രാദേശിക നേതൃത്വത്തിന് നോട്ടീസ് നല്‍കിയിരുന്നു. മുന്‍നിശ്ചയപ്രകാരം പ്രകടനം നടത്തുമെന്ന് ബി.ജെ.പി. വ്യക്തമാക്കിയതിനാല്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്‍, ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.കെ.വിശ്വംഭരന്‍, ബേക്കല്‍ എസ്.ഐ. വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘത്തെയാണ് കാട്ടിയടുക്കത്തും പെരിയാട്ടടുക്കത്തും ബട്ടത്തൂരിലും വിന്യസിച്ചത്.

ദേവകിയുടെ വീട്ടില്‍നിന്ന് മകന്‍ രാമന്‍ കൊളുത്തിയ തീപ്പന്തം ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കൂട്ടക്കനി ബട്ടത്തൂരില്‍ എത്തിച്ചശേഷമാണ് പ്രകടനം തുടങ്ങിയത്. വന്‍ പോലീസ് സംഘം അനുഗമിച്ചിരുന്നു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, മണ്ഡലം ജന. സെക്രട്ടറി എന്‍.ബാബുരാജ്, വൈസ് പ്രസിഡന്റുമാരായ പി.പി.കൈലാസന്‍, കാര്‍ത്ത്യായനി കേളോത്ത്, ഖജാന്‍ജി ഗംഗാധരന്‍ തച്ചങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പെരിയാട്ടടുക്കത്ത് ചേര്‍ന്ന പ്രതിഷേധയോഗം എന്‍.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സുരേഷ് കൂട്ടക്കനി അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് കൂട്ടക്കനി, ബി.ജെ.പി. പഞ്ചായത്ത് ജന. സെക്രട്ടറി ലോകേഷ് ബട്ടത്തൂര്‍ എന്നിവര്‍ സംസാരിച്ചു. വീട്ടമ്മയായ ദേവകി (68) സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ജനുവരി 13-ന് ഒരുവര്‍ഷം പൂര്‍ത്തിയാകും. ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് ഡിവൈ.എസ്.പി. യു.വി.പ്രേമന്റെ നേതൃത്വത്തില്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണം.