പൊയിനാച്ചി: സ്‌കൂള്‍ മുറ്റത്ത് നെല്‍വയല്‍ കതിരണിഞ്ഞു. കൊയ്ത്തും നിറയും പുത്തരിയും ഉള്‍പ്പെടെയുള്ള പഴമയുടെ കാര്‍ഷിക സംസ്‌കൃതി പുനര്‍ജനിപ്പിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ്. പൊയിനാച്ചി ഭാരത് യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബാണ് മുറ്റം വയലിന്റെയും കളത്തിന്റെയും പ്രതീതിയിലാക്കി നെല്‍ക്കൃഷിയുടെ പഴമയും പുതുമയും കുട്ടികള്‍ക്കായി അവതരിപ്പിച്ചത്.

നെല്ലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന 'നിറ' ചടങ്ങും കുട്ടികള്‍ക്ക് കൗതുകമായി. വിളയിറക്കുന്ന സമയത്തും കൊയ്ത്തുകാലത്തും മാത്രം കൃഷിയെപ്പറ്റി ഓര്‍മിക്കുന്നതിനു പകരം കൃഷിക്ക് നിലംഒരുക്കുന്നത് മുതല്‍ നെല്ല് പത്തായത്തില്‍ എത്തുന്നതുവരേയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കിയാണ് കാഴ്ചയൊരുക്കിയത്. വിദ്യാര്‍ഥികളായ വി.ആദിദേവും കെ.അന്‍സികയും കര്‍ഷകരുടെ വേഷമണിഞ്ഞു. നെല്ലുകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ടി.എ.പ്രസിഡന്റ് ഗിരീഷ് വിളക്കുമാടം പരിപാടി ഉദ്ഘാടനംചെയ്തു.

സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.നളിനാക്ഷി, സി.സുധാമണി, പ്രഥമാധ്യാപിക എം.ജയലക്ഷ്മി, കെ.സരയു, അശ്വതി എം.നായര്‍, പി.ശ്രീനന്ദ, കെ.രസിക എന്നിവര്‍ സംസാരിച്ചു.