പൊയിനാച്ചി: പുതുതലമുറ ചേറുപുരണ്ട് വയലില്‍ തിമര്‍ത്തുകളിച്ചപ്പോള്‍ കണ്ടുനിന്നവരില്‍ ഓര്‍മ്മകള്‍ ഓടിയെത്തി. ആ ആവേശത്തിരയിളക്കത്തില്‍ അവരും വയലിലേക്കെടുത്തുചാടി. പിന്നെ, മധുരാനുഭവങ്ങള്‍ ഓര്‍ത്തുവെക്കാന്‍ വീണ്ടും കുറെ നിമിഷങ്ങള്‍.

ജവാഹര്‍ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മയിലാട്ടി ഞെക്ലിയില്‍ നടന്ന 'കളിയല്ലാക്കളി'യാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആഹ്ലാദമായത്. ഓര്‍മ്മയായ നാടന്‍കളികളെ പരിചയപ്പെടുത്താനാണ് ക്യാമ്പൊരുക്കിയത്. ഒരു പകല്‍ മുഴുവന്‍ കളിച്ചും പഴയ ഭക്ഷണവിഭവങ്ങള്‍ ആസ്വദിച്ചുമാണ് 200-ഓളം കുട്ടികള്‍ മടങ്ങിയത്.
 
കളികാണാന്‍ കെ.പി.സി.സി. പ്രസിഡന്റ്് എം.എം.ഹസനുമെത്തി. പഠനം അനായാസമാകാന്‍ കളികള്‍ കുട്ടികള്‍ക്കാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊത്തംകല്ലും ഗോലിയും, ചിപ്‌ളികളി, ഗോട്ടിക്കളി, ഈര്‍ക്കില്‍കളി, തൂവാലകളി, വെള്ളരിക്കഞെട്ട്, പാളവണ്ടി, തവളച്ചാട്ടം ചീക്കോ, മാലോത്താലി തുടങ്ങിയ നാടന്‍ കളികളാണ് പരിപാടിയുടെ ഭാഗമായി നടന്നത്.

ഞെക്ലിയിലെ വയലൊരുക്കിയാണ് മത്സരം നടത്തിയത്. ചെളിനിറഞ്ഞ വയലില്‍ നടന്ന കമ്പവലിയും ഫുട്‌ബോള്‍മത്സരവും ആവേശമായി. ബാലജനവേദി സംസ്ഥാന പ്രസിഡന്റ് വൈഷ്ണവ് ബേഡകം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ അഭിലാഷ് പൊയിനാച്ചി അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, യു.ഡി.എഫ്. കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍ എന്നിരും പരിപാടിക്കെത്തി. കെ.വി.ഭക്തവത്സലന്‍, ഗോപാലകൃഷ്ണന്‍ നായര്‍, ബിനു ഞെക്‌ളി എന്നിവര്‍ നേതൃത്വം നല്കി.